ചെന്നൈ: തമിഴ്‌നാട്ടിൽ ഉണ്ടായ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സംസ്‌ഥാനത്തെ മഴക്കെടുതികളും പ്രളയവും തടയുന്നതിന് എംകെ സ്‌റ്റാലിൻ സർക്കാർ മുകരുതലുകൾ എടുത്തില്ലെന്നും ധനമന്ത്രി വിമർശിച്ചു.
ദുരിതം വിതച്ച പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ദേശീയ ദുരന്തം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ടു അങ്ങനെയൊരു സംവിധാനമില്ലെന്ന് നിർമല സീതാരാമൻ വ്യക്‌തമാക്കി. 2015ലെ പ്രളയത്തിൽ നിന്നും സർക്കാർ പാഠം പഠിച്ചില്ലെന്നും മുൻകരുതൽ എടുത്തിരുന്നെങ്കിൽ പ്രളയം ഒഴിവാക്കാമായിരുന്നുവെന്നും നിർമല സീതാരാമൻ വിമർശിച്ചു.
സംസ്‌ഥാനം വലിയ ദുരന്തത്തെ നേരിടുമ്പോൾ ഇന്ത്യ മുന്നണിയുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ഡെൽഹിയിൽ ആയിരുന്നുവെന്നും ധനമന്ത്രി പരിഹസിച്ചു. പ്രളയ മുന്നറിയിപ്പ് നൽകുന്നതിൽ കാലാവസ്‌ഥാ കേന്ദ്രം പരാജയപ്പെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ, മഴയുടെ തീവ്രതയെ കുറിച്ച് കാലാവസ്‌ഥാ കേന്ദ്രം കൃത്യമായി പ്രവചിച്ചിരുന്നുവെന്നും കേന്ദ്രത്തിൽ ആധുനിക സംവിധാനം ഉണ്ടെന്നും നിർമല സീതാരാമൻ വ്യക്‌തമാക്കി.
അതിനിടെ, പ്രളയ ദുരിതാശ്വാസമായി ബന്ധപ്പെട്ടു സംസ്‌ഥാനം ആവശ്യപ്പെട്ട അധിക ധനസഹായം അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനമെടുക്കുമെന്ന് പറഞ്ഞ നിർമല, മുൻപ് അനുവദിച്ച ഫണ്ട് ശരിയായ രീതിയിൽ വിനിയോഗിച്ചോയെന്നും ചോദിച്ചു.
Most Read| പ്രതിഷേധം കടുക്കുന്നു; പത്‌മശ്രീ പുരസ്‌കാരം തിരികെ നൽകി ബജ്‌രംഗ് പുനിയ