പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം തിങ്കളാഴ്‌ച; എംപിമാർക്ക് വിപ്പ് നൽകി ബിജെപി

നന്ദിപ്രമേയ ചർച്ചയിൽ പല എംപിമാരും വിട്ടുനിന്നതിനെ തുടർന്നാണ് പ്രധാനമന്ത്രി മറുപടി പ്രസംഗം നടത്തുന്ന ദിവസം സഭയിൽ ഹാജരാകാൻ ബിജെപി വിപ്പ് നൽകിയത്.

By Trainee Reporter, Malabar News
Narendra Modi
Ajwa Travels

ന്യൂഡെൽഹി: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം തിങ്കളാഴ്‌ച. സഭയിൽ മോദി പ്രസംഗിക്കുന്ന ദിവസം എല്ലാ അംഗങ്ങളും ഹാജരാകണമെന്ന് ബിജെപി നിർദ്ദേശം നൽകി. ലോക്‌സഭാ എംപിമാർക്ക് പാർട്ടി വിപ്പും നൽകിയിട്ടുണ്ട്. രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ബജറ്റാണ് കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്ര സർക്കാരിന്റെ പത്ത് വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രസംഗമാകും പ്രധാനമന്ത്രി നടത്തുകയെന്നാണ് കരുതുന്നത്. ‘ഇന്ത്യ’ മുന്നണിയിൽ ഭിന്നത രൂക്ഷമായിരിക്കെ പ്രതിപക്ഷത്തെ കടന്നാക്രമിക്കാനും സാധ്യതയുണ്ട്. ബുധനാഴ്‌ചയാണ് രാഷ്‌ട്രപത്രി ദ്രൗപതി മുർമു ഇരുസഭകളെയും സംയുക്‌ത സമ്മേളനത്തെ അഭിസംബോധന ചെയ്‌തത്‌.

പാർലമെന്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഒന്നേകാൽ മണിക്കൂറോളം നടത്തിയ പ്രസംഗത്തിൽ കേന്ദ്ര സർക്കാരിന്റെ കഴിഞ്ഞ പത്ത് വർഷത്തെ നേട്ടങ്ങളാണ് രാഷ്‌ട്രപതി പരാമർശിച്ചത്. എല്ലാവരെയും ഉൾക്കൊള്ളുന്ന, എല്ലാവർക്കും തുല്യാവസരമുള്ള ഭരണം ഉറപ്പിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്‌ഞാബന്ധമാണെന്നും രാഷ്‌ട്രപതി പറഞ്ഞു. രാജ്യങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാൽകരിക്കുമെന്ന ഉറപ്പാണ് സർക്കാരിന്റെ മുഖമുദ്ര.

യുവശക്‌തി, നാരീശക്‌തി, കർഷകർ, ദരിദ്രർ എന്നിവരാണ് പുരോഗതിയുടെ നാല് സ്‌തംഭങ്ങൾ. അവരെ ശാക്‌തീകരിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ഊർജിതമാക്കും. ആദിവാസികൾ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് തുല്യനീതി നടപ്പാക്കി, വനിതാ സംവരണം നടപ്പാക്കി. ഇതൊക്കെ വലിയ ചുവടുവെയ്‌പ്പാണെന്നും രാഷ്‌ട്രപതി പറഞ്ഞിരുന്നു.

വ്യാഴാഴ്‌ച ഇടക്കാല ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. തുടർന്ന് ലോക്‌സഭയിലും രാജ്യസഭയിലും നന്ദിപ്രമേയ ചർച്ച നടന്നു. നന്ദിപ്രമേയ ചർച്ചയിൽ പല എംപിമാരും വിട്ടുനിന്നതിനെ തുടർന്നാണ് പ്രധാനമന്ത്രി മറുപടി പ്രസംഗം നടത്തുന്ന ദിവസം സഭയിൽ ഹാജരാകാൻ ബിജെപി വിപ്പ് നൽകിയത്.

58 മിനിറ്റുകൊണ്ട് ധനമന്ത്രി അവസാനിപ്പിച്ച ബജറ്റിൽ പറഞ്ഞതിലേറെയും കഴിഞ്ഞ പത്ത് വർഷത്തെ മോദി സർക്കാരിന്റെ നേട്ടങ്ങളായിരുന്നു. 2047ഓടെ വികസിത ഭാരതം ലക്ഷ്യമിടുന്നുവെന്നും വനിത ശാക്‌തീകരണത്തിന് മുൻതൂക്കം നൽകുമെന്നും ബജറ്റ് അവതരണത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. സ്വയം സഹായ സംഘങ്ങളിലൂടെ ഒമ്പത് കോടിയോളം വനിതകൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതി തുടരുമെന്നും പറഞ്ഞു.

വരുന്ന പൊതുതിരഞ്ഞെടുപ്പിന് ശേഷം അടുത്ത സർക്കാർ ചുമതലയേറ്റാൽ സമ്പൂർണ ബജറ്റ് അവതരിപ്പിക്കും. മോദി സർക്കാറിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ ധനമന്ത്രി നിർമല സീതാരാമൻ സർക്കാർ തുടരുമെന്ന പ്രതീക്ഷ മുന്നോട്ട് വെച്ചാണ് ബജറ്റവതരണം പൂർത്തിയാക്കിയത്. ധനമന്ത്രി നിർമല സീതാരാമന്റെ ആറാമത്തെ ബജറ്റ് അവതരണമാണ് പൂർത്തിയായത്.

Most Read| തിരിച്ചടിയുമായി അമേരിക്കയും ബ്രിട്ടനും; യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE