കോഴിക്കോട്: അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന കല്ലായി പുഴയുടെ ആഴംകൂട്ടൽ പദ്ധതിയുടെ ആദ്യപടി തുടങ്ങി. ചെളിനീക്കിയാണ് പുഴയുടെ ആഴം കൂട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ സിഡബ്ളൂആർഡിഎമ്മിന്റെ നേതൃത്വത്തിൽ പുഴയിൽ നിന്നുള്ള ചെളിയുടെ സാമ്പിളുകൾ ശേഖരിച്ചു. പദ്ധതിയുടെ ഭാഗമായി കല്ലായി പുഴ മുതൽ കടുപ്പിനിവരെ 4.2 കിലോമീറ്റർ ആഴം കൂട്ടി ഒഴുക്ക് സുഗമമാക്കും. ഇതിനായി ജലസേചന വകുപ്പ് 7.5 കോടി രൂപ കോഴിക്കോട് കോർപറേഷന് കൈമാറിയിട്ടുണ്ട്.
അതേസമയം, പുഴയുടെ ആഴം കൂട്ടുമ്പോഴുണ്ടാകുന്ന സാമൂഹിക-പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ചും വിശദമായി പഠനം നടത്തും. കൂടാതെ, പഠനത്തിനായി ഓരോ ആഴ്ചയിലും ചെളി ശേഖരിക്കും.ഇതിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ട്, ഹാനികരമായ എന്തെങ്കിലും അടങ്ങിയിട്ടുണ്ടോ, ഏതെങ്കിലും തരത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്നതാണോ തുടങ്ങിയ കാര്യങ്ങളും വിശകലനം ചെയ്യും. മൂന്ന് മാസം കൊണ്ട് പഠനറിപ്പോർട് തയ്യാറാക്കാനാണ് ലക്ഷ്യം.
കല്ലായിപുഴയോട് ചേർന്നുള്ള പാരിസ്ഥിതിക ചുറ്റുപാടുകളും ജനജീവിതവുമൊക്കെ പഠനത്തിന് വിധേയമാക്കുന്നുണ്ട്. അതേസമയം, പദ്ധതി ഇപ്പോഴും സാങ്കേതികാനുമതിക്കായി കാത്തുനിൽക്കുകയാണ്. ഇറിഗേഷൻ ചെളി നീക്കൽ പ്രവൃത്തി തുടങ്ങിയാൽ മാത്രമേ വിശദമായ പഠനം സാധ്യമാകൂ എന്നാണ് അധികൃതർ പറയുന്നത്. കല്ലായിപ്പുഴയുടെ ആഴക്കൂട്ടൽ പദ്ധതിയുടെ ശ്രമങ്ങൾ വർഷങ്ങളായി നടക്കുന്നുണ്ടെങ്കിലും ഇതിനുള്ള സാങ്കേതികാനുമതിക്കായി കത്തിനിൽക്കുകയാണ് അധികൃതർ.
Read Also: ഹൃദയതരംഗം ഒന്നാംഘട്ടം; വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വിതരണം ഇന്ന്







































