കാസർഗോഡ്: കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലക്കേസിൽ വിധി നാളെ വരാനിരിക്കെ, കൃപേഷിനും ശരത് ലാലിനും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കല്ല്യോട്ട് ഗ്രാമം. തെളിവുകളും സാക്ഷികളും കോടതിയിൽ എത്തി എന്നതിന്റെ ആൽമവിശ്വാസം കല്ല്യോട്ടെ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിനുമുണ്ട്.
ഇനിയെങ്കിലും മേഖലയിൽ സമാധാനം വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കൃപേഷിന്റേയും ശരത് ലാലിന്റേയും കൊലപാതകത്തിന് ശേഷം നിരവധി അക്രമ സംഭവങ്ങളാണ് പെരിയ, കല്ല്യോട് ഭാഗങ്ങളിൽ ഉണ്ടായത്. ചെറുപ്പക്കാർ ഉൾപ്പടെ നിരവധിപ്പേർ ഇരുഭാഗങ്ങളിലും ക്രിമിനൽ കേസുകളിൽ പ്രതികളായി.
അഞ്ചുവർഷത്തിനിപ്പുറം കൊലപാതക കേസിൽ വിധി വരാനിരിക്കെ സിബിഐ കോടതിയിലാണ് കല്ല്യോട് ഗ്രാമത്തിന്റെയും പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെയും പ്രതീക്ഷ മുഴുവൻ. കേസിന്റെ ആദ്യഘട്ടം മുതൽ തന്നെ പ്രോസിക്യൂഷന്റെ വീഴ്‌ച ചൂണ്ടിക്കാട്ടി പ്രതിഷേധമുയർന്നിരുന്നു. സംസ്‌ഥാന സർക്കാർ പ്രതികൾക്ക് വേണ്ടി നിലകൊണ്ടെന്നായിരുന്നു വിമർശനം.
തുടർന്ന് സുപ്രീം കോടതി ഇടപെട്ടതോടെയാണ് കേസിൽ വഴിത്തിരിവായത്. കൊച്ചി സിബിഐ കോടതിയാണ് നാളെ വിധി പറയുക. വിധി പുറപ്പെടുവിച്ചു കഴിഞ്ഞാൽ സംയമനം പാലിക്കണമെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2019 ഫെബ്രുവരി 17ന് രാത്രി കല്യോട്ട് കൂരാങ്കര റോഡിലാണ് ശരത് ലാലും കൃപേഷും വെട്ടേറ്റ് മരിച്ചത്.
ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ ആദ്യം 14 പേരെ പ്രതികളാക്കുകയും 11 സിപിഎം പ്രവർത്തകരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികൾ അഞ്ചര വർഷത്തിലേറെയായി ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്. ശരത് ലാലിന്റെയും കൃപേഷിന്റേയും കുടുംബം നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് കേസ് സുപ്രീം കോടതി സിബിഐക്ക് കൈമാറുകയായിരുന്നു.
സിപിഎം നേതാക്കളാണ് കേസിലെ പ്രതികൾ. മുൻ എംഎൽഎയും സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെവി കുഞ്ഞിരാമൻ, സിപിഎം ഉദുമ ഏരിയ സെക്രട്ടറി കെഎം മണികണ്‌ഠൻ, പെരിയ ലോക്കൽ സെക്രട്ടറി ബാലകൃഷ്‌ണൻ, മുൻ പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരുൾപ്പടെ 24 പ്രതികളാണ് കേസിലുള്ളത്.
മുൻ ലോക്കൽ കമ്മിറ്റി അംഗം പി പീതാംബരനാണ് കേസിലെ ഒന്നാംപ്രതി. കെവി കുഞ്ഞിരാമൻ 20ആം പ്രതിയാണ്. എ പീതാംബരൻ ഉൾപ്പടെ 14 പേരെ ക്രൈം ബ്രാഞ്ചും കെവി കുഞ്ഞിരാമൻ ഉൾപ്പടെ പത്തുപേരെ സിബിഐയുമാണ് അറസ്‌റ്റ് ചെയ്‌തത്. 2023 ഫെബ്രുവരിയിൽ ആരംഭിച്ച വിചാരണ ഒരുവർഷവും എട്ട് മാസവും പിന്നിട്ടാണ് പൂർത്തിയാക്കിയത്. 250ഓളം സാക്ഷികളുണ്ടായിരുന്ന കേസിൽ പ്രോസിക്യൂഷൻ 154 സാക്ഷികളെ വിസ്‌തരിച്ചു. 1300ഓളം പേജുള്ള കുറ്റപത്രമാണ് സിബിഐ കോടതിയിൽ ഹാജരാക്കിയത്.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു