ചെന്നൈ: ശബരിമല സ്വർണത്തട്ടിപ്പ് കേസിലെ പ്രധാന ഇടനിലക്കാരനായ കൽപേഷിനെ കണ്ടെത്തി. ചെന്നൈയിലെ സ്വർണക്കടയിലെ ജീവനക്കാരനാണ് കൽപേഷ്. സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് പാക്കറ്റ് വാങ്ങി ബെല്ലാരിയിൽ ഗോവർധന് എത്തിച്ചു നൽകിയെന്ന് കൽപേഷ് വെളിപ്പെടുത്തി.
31 വയസുകാരനായ കൽപേഷ് രാജസ്ഥാൻ സ്വദേശിയാണ്. 13 വർഷമായി ചെന്നൈയിലെ സ്വർണക്കടയിൽ ജോലി ചെയ്തുവരികയാണ്. ജെയിൻ എന്നയാളാണ് കൽപേഷ് ജോലി ചെയ്യുന്ന സ്വർണക്കടയുടെ ഉടമ. ഇയാളുടെ നിർദ്ദേശം അനുസരിച്ച് സ്ഥലങ്ങളിൽ നിന്ന് സ്വർണവും മറ്റ് ഉരുപ്പടികളും എടുത്ത് മറ്റു സ്ഥലങ്ങളിൽ എത്തിക്കാറുണ്ടെന്ന് കൽപേഷ് പറയുന്നു.
സ്വർണക്കൊള്ളയിലെ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറിയില്ലെന്നാണ് കൽപേഷ് പറയുന്നത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തന്നെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും കൽപേഷ് പറയുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റി ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്ന് കവർന്നതെന്ന് കരുതുന്ന 400 ഗ്രാം സ്വർണം കർണാടക ബെല്ലാരിയിലെ ജ്വല്ലറിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.
ഇയാളുടെ ബെംഗളൂരുവിലെ ഫ്ളാറ്റിൽ നിന്ന് 176 ഗ്രാം സ്വർണാഭരണങ്ങളും വസ്തുവകകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ബെല്ലാരിയിലെ റൊഡ്ഡാം ജ്യുവൽസ് ഉടമ ഗോവർധന് സ്വർണം വിറ്റെന്ന മൊഴിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 400 ഗ്രാം സ്വർണക്കട്ടികൾ കണ്ടെത്തിയത്.
Most Read| സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; സൂര്യകാന്തിനെ ശുപാർശ ചെയ്ത് ബിആർ ഗവായ്








































