കൽപ്പറ്റ: മേപ്പാടി 900 കണ്ടിയിലെ റിസോർട്ടിൽ ടെന്റ് വീണ് യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് മാനേജരും സൂപ്പർവൈസറും അറസ്റ്റിൽ. മാനേജർ സ്വച്ഛന്ത്, സൂപ്പർവൈസർ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും ഈ മാസം 28 വരെ റിമാൻഡ് ചെയ്തു.
മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. റിസോർട്ടിലെ ടെന്റിന് മുകളിലെ പുല്ലുമേഞ്ഞ മേൽക്കൂര തകർന്ന് വീണ് നിലമ്പൂർ അകമ്പാടം എരഞ്ഞിമങ്ങാട് ബിക്കൻ വീട്ടിൽ ശിഹാബിന്റെ മകൾ ബി. നിഷ്മയാണ് (25) മരിച്ചത്.
വിനോദസഞ്ചാര കേന്ദ്രമായ 900 കണ്ടിയിലെ വനമേഖലയോട് ചേർന്ന് പ്രവർത്തിക്കുന്ന എമറാൾഡ് 900 വെഞ്ചേഴ്സ് എന്ന റിസോർട്ടിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയാണ് അപകടം. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് നിഷ്മ അടക്കം 16 അംഗ സംഘം റിസോർട്ടിലെത്തിയത്. കോഴിക്കോട്, മലപ്പുറം സ്വദേശികളായ ഇവർ കോഴിക്കോട് വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരാണ്.
പുല്ല് കൊണ്ട് മേഞ്ഞ മേൽക്കൂരയ്ക്ക് കീഴിൽ സ്ഥാപിച്ചിരുന്ന 8 ടെന്റുകളിലായാണ് ഇവർ താമസിച്ചിരുന്നത്. ഇതിൽ മൂന്ന് പെൺകുട്ടികൾ താമസിച്ചിരുന്ന ടെന്റാണ് തകർന്നുവീണത്. പുല്ലുമേഞ്ഞ മേൽക്കൂരയ്ക്ക് താങ്ങായി നൽകിയിരുന്ന മരത്തടികൾ ദ്രവിച്ച നിലയിലായിരുന്നു. ഈ മരത്തടികൾ അടക്കം നിഷ്മ കിടന്നിരുന്ന ടെന്റിന് മുകളിലേക്ക് വീഴുകയായിരുന്നു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ




































