കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ 16 വയസുകാരനുനേരെ വിദ്യാർഥികളുടെ ക്രൂര മർദ്ദനം. ഫോണിൽ വിളിച്ചുവരുത്തി ഒരുകൂട്ടം വിദ്യാർഥികൾ മർദ്ദിക്കുകയായിരുന്നു. മുഖത്തും പുറത്തും ഉൾപ്പടെ ക്രൂരമായി മർദ്ദിക്കുന്നതിന്റെയും കാലിൽ പിടിച്ച് മാപ്പ് പറയിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.
വിദ്യാർഥികളിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ഹോമിലേക്ക് മാറ്റി. കഴിഞ്ഞദിവസം രാത്രിയാണ് കൽപ്പറ്റ പോലീസിന് ഈ ദൃശ്യം ലഭിക്കുന്നത്. ഇരട്ടപ്പേര് വിളിച്ചെന്നും മോശം വാക്കുകൾ ഉപയോഗിച്ചെന്നും ആരോപിച്ചാണ് കുട്ടിയെ വിളിച്ചുവരുത്തി സംഘം ആക്രമിച്ചത്. അഞ്ച് മിനിറ്റോളം നീണ്ടതാണ് വീഡിയോ.
മർദ്ദനം സഹിക്കവയ്യാതെ കുട്ടി മാപ്പ് പറയുന്നതും കാലുപിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നിട്ടും മർദ്ദനം തുടർന്നുകൊണ്ടിരുന്നു. അടിക്കല്ലെടാ, മതിയെടാ എന്നൊക്കെ പലതവണ പറഞ്ഞെങ്കിലും നീ കരഞ്ഞിട്ടൊന്നും കാര്യമില്ലെന്ന് പറഞ്ഞ് മറ്റുള്ളവർ അടി തുടർന്നുകൊണ്ടിരുന്നു.
ദൃശ്യം പകർത്തുന്ന കുട്ടി മതിയെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും കൂടെയുള്ളവർ അതിന് തയാറാവുന്നില്ല. മർദ്ദകരിൽ ഒരാളെ ശനിയാഴ്ച രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്ത് സിഡബ്ള്യൂസിക്ക് മുന്നിൽ ഹാജരാക്കി ജുവനൈൽ ജസ്റ്റിസ് ഹോമിലേക്ക് മാറ്റി. മറ്റു കുട്ടികളെ ഹാജരാക്കാൻ രക്ഷിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read| വാട്സ് ആപ്, ഇൻസ്റ്റഗ്രാം ആപ്പുകളിലെ എഐ ചാറ്റ് ഫീച്ചറുകൾ; കുട്ടികൾക്ക് നിയന്ത്രണം





































