കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ നടന്ന മൃദംഗനാദം നൃത്ത പരിപാടിയിലെ സുരക്ഷാ വീഴ്‌ചയിൽ സംഘടകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതോടെ കീഴടങ്ങാൻ കോടതി നിർദ്ദേശം. ജനുവരി രണ്ടിന് ഉച്ചയ്‌ക്ക് ശേഷം രണ്ടിന് അന്വേഷണ ഉദ്യോഗസ്‌ഥന് മുമ്പാകെ കീഴടങ്ങാനാണ് ഹൈക്കോടതി നിർദ്ദേശിച്ചത്.
നർത്തകിയും സിനിമാ നടിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ നടത്തിയ മൃദംഗനാദം എന്ന നൃത്ത പരിപാടിക്കിടെ സ്‌റ്റേജിൽ നിന്ന് വീണ് തൃക്കാക്കര എംഎൽഎ ഉമാ തോമസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഘടകർക്കെതിരെ കേസെടുത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കീഴടങ്ങാൻ നിർദ്ദേശം നൽകിയത്.
സംഘാടകരായ മൃദംഗവിഷൻ ഉടമ നിഗോഷ് കുമാർ, നടത്തിപ്പുകാരായ ഓസ്‌കർ ഇവന്റ്സ് പ്രൊപ്രൈറ്റർ പിഎസ് ജെനീഷ് എന്നിവരോടാണ് ജസ്‌റ്റിസ് പി കൃഷ്‌ണകുമാർ കീഴടങ്ങാൻ നിർദ്ദേശിച്ചത്. നേരത്തെ പ്രതികൾക്കെതിരെ ജാമ്യം ലഭിക്കാവുന്ന ചെറിയ വകുപ്പുകൾ ചുമത്തിയത് വിവാദമായിരുന്നു. തുടർന്നാണ് ജാമ്യമില്ലാ വകുപ്പുകൾ കൂടി ചുമത്തിയത്.
രാവിലെ ജാമ്യ ഹരജി പരിഗണിച്ചപ്പോൾ പിന്നീട് പരിഗണിക്കാനും സർക്കാരിനോട് മറുപടി നൽകാനും കോടതി ആവശ്യപ്പെട്ടിരുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ആണല്ലോ എന്ന് പരാമർശിച്ചാണ് ഹരജികൾ മാറ്റിയത്. എന്നാൽ, ഉച്ച കഴിഞ്ഞു കോടതി ചേർന്നപ്പോൾ, പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പായ ബിഎൻഎസ് 10 കൂടി ചുമത്തിയ കാര്യം അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് കീഴടങ്ങാനുള്ള നിർദ്ദേശം നൽകിയത്.
അറസ്‌റ്റ് ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ, ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടെങ്കിലും പ്രോസിക്യൂഷൻ എതിർത്തു. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിട്ടുള്ളതെന്നും കേസിൽ പൊതുജന താൽപര്യമുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർന്ന് ഇടക്കാലാശ്വാസം നൽകാൻ സാധിക്കില്ലെന്ന് കോടതി വ്യക്‌തമാക്കുകയായിരുന്നു.
അതേസമയം, എംഎൽഎ ഉമാ തോമസിന് അപകടമുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് എടുത്ത കേസിൽ അഞ്ചുപേരെ പ്രതി ചേർത്തു. മൃദംഗനാദ സിഇഒ നിഗോഷ് കുമാറാണ് കേസിലെ ഒന്നാംപ്രതി. ഷമീർ, ജെനീഷ്, കൃഷ്‌ണകുമാർ, ബെന്നി എന്നിവരാണ് രണ്ടു മുതൽ അഞ്ചുവരെയുള്ള പ്രതികൾ. അശാസ്‌ത്രീയമായിട്ടാണ് വേദി നിർമിച്ചത് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
സിമന്റ് കട്ടകൾ വെച്ചാണ് കോൺക്രീറ്റിൽ വേദി ഉറപ്പിച്ചത്. സ്‌റ്റേജിലുള്ളവർക്ക് അപകടം കൂടാതെ നടക്കാൻ വഴിയില്ലാത്ത വിധമാണ് കസേരകൾ ക്രമീകരിച്ചത്. കോർപറേഷനിൽ നിന്നടക്കം കൃത്യമായ അനുമതി വാങ്ങാതെയാണ് താൽക്കാലിക സ്‌റ്റേജ് നിർമിച്ചത്. ഫയർഫോഴ്‌സിൽ നിന്നും നിയമപരമായ അനുമതി വാങ്ങിയില്ലെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്യണമെന്നും പോലീസ് പറയുന്നു. സംഭവത്തിൽ, ദിവ്യ ഉണ്ണിയേയും പോലീസ് ചോദ്യം ചെയ്യും.
Most Read| കൊടി സുനിക്ക് പരോൾ നൽകിയതിൽ എന്ത് മഹാപരാധമാണുള്ളത്; പി ജയരാജൻ