വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്‌ഥാനാർഥിത്വം സ്‌ഥിരീകരിച്ച് വൈസ് പ്രസിഡണ്ട് കമല ഹാരിസ്. ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി ചെയർമാനായ ജെയിം ഹാരിസൺ ആണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. പ്രസിഡണ്ട് സ്‌ഥാനത്തേക്ക് പാർട്ടിയുടെ നോമിനിയാകാൻ കമല ഹാരിസ് മതിയായ ഡെലിഗേറ്റുകളുട വോട്ടുകൾ നേടിയെന്നും ജെയിം പറഞ്ഞു.
അടുത്ത ആഴ്‌ച സ്‌ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് കമല ഹാരിസ് എക്‌സിൽ കുറിച്ചു. അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് നോമിനി ആയതിൽ താൻ അഭിമാനിക്കുന്നുവെന്നും കമല ഹാരിസ് കൂട്ടിച്ചേർത്തു. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ മൽസരത്തിൽ നിന്ന് പിൻമാറിയതോടെയാണ് ഡെമോക്രാറ്റിക് സ്‌ഥാനാർഥിയായി കമല ഹാരിസിനെ തീരുമാനിച്ചത്.
തനിക്ക് പകരം കമലാ ഹാരിസ് പ്രസിഡണ്ട് സ്‌ഥാനാർഥി ആകണമെന്നാണ് ജോ ബൈഡൻ നിർദ്ദേശിച്ചിരുന്നത്. സ്വന്തം പാളയത്തിൽ തന്നെ ഒറ്റപ്പെട്ടുവെന്ന് വ്യക്‌തമായ സാഹചര്യത്തിലാണ് പ്രസിഡണ്ട് പദത്തിൽ രണ്ടാമൂഴം തേടിയുള്ള പരീക്ഷണത്തിൽ നിന്ന് ജോ ബൈഡന്റെ പിൻമാറ്റം. തിരഞ്ഞെടുപ്പിൽ നിന്ന് ബൈഡൻ പിൻമാറണമെന്ന് പാർട്ടിക്കകത്തും പുറത്തും കടുത്ത സമ്മർദ്ദമുയർന്നിരുന്നു.
നിലവിലെ സാഹചര്യത്തിൽ ബൈഡൻ സ്‌ഥാനാർഥിയാകുന്നത് ഡെമോക്രാറ്റിക് പാർട്ടിയുടെ സാധ്യതകൾ ഇല്ലാതാക്കുമെന്ന് പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായം ഉയർന്നിരുന്നു. എതിരാളിയായ ട്രംപുമായുള്ള ആദ്യ സംവാദത്തിലെ മോശം പ്രകടനം, പ്രായാധിക്യ പ്രശ്‌നങ്ങൾ, ട്രംപിന് നേരെയുണ്ടായ വധശ്രമം, അനുകൂലമല്ലാത്ത അഭിപ്രായ സർവേകൾ, ഏറ്റവും ഒടുവിലായി കൊവിഡ് ബാധിച്ചത് തുടങ്ങി രണ്ടാമൂഴം തേടുന്ന ബൈഡൻ നിരന്തരം വെല്ലുവിളികൾ നേരിട്ടിരുന്നു
ഇതോടെയാണ് കമലാ ഹാരിസ് സ്‌ഥാനാർഥി ആകണമെന്ന നിർദ്ദേശം ഉയർന്നുവന്നത്. 1964 ഒക്‌ടോബർ 20ന് കാലിഫോർണിയയിലെ ഓക്‌ളൻഡിലാണ് കമലയുടെ ജനനം. പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ് പഠനം കഴിഞ്ഞ് ഹോസ്‌റ്റിങ്സ് കോളേജിൽ നിന്ന് നിയമബിരുദം. 1989ൽ ഒക്‌ളൻഡിൽ ഡിസ്‌ട്രിക്‌ട് അറ്റോർണിയായാണ് കരിയർ തുടക്കം.
2010ൽ കാലിഫോർണിയ അറ്റോർണി ജനറൽ ആയപ്പോൾ ആ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ ഏഷ്യൻ വംശജയുമായി. യുഎസ് സെനറ്റിലെത്തുന്നത് 2016ൽ. അറ്റോർണിയായ ഡഗ്ളസ് എംഹോമിനെ 2014ൽ വിവാഹം ചെയ്‌തു. ഡെമോക്രാറ്റിക് പാർട്ടിയുടെ ആധുനിക മുഖം കമലയുടേതാണ്. അതേസമയം, അമേരിക്കൻ വൈസ് പ്രസിഡണ്ട് സ്‌ഥാനത്തേക്ക് എത്തിയ ആദ്യ വനിതയായ കമല ഹാരിസിനെതിരെ രൂക്ഷമായ ആക്രമണമാണ് എതിർ സ്‌ഥാനാർഥി നടത്തുന്നത്.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!