വാഷിങ്ടൻ: അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലം അംഗീകരിച്ച് ഡെമോക്രാറ്റിക് സ്‌ഥാനാർഥി കമലാ ഹാരിസ്. റിപ്പബ്ളിക്കൻ സ്‌ഥാനാർഥിയും നിയുക്‌ത യുഎസ് പ്രസിഡണ്ടുമായ ഡൊണാൾഡ് ട്രംപിനെ കമലാ ഹാരിസ് ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു. സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കുമെന്നും കമല പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പ് പരാജയത്തിൽ വിഷമിക്കാതെ രാജ്യത്തിനായുള്ള പോരാട്ടം തുടരാൻ കമല അണികളോട് ആഹ്വാനം ചെയ്‌തു. ജനങ്ങൾ ഏൽപ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി പറഞ്ഞ കമല, തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഉന്നയിച്ച വിഷയങ്ങളിൽ പോരാട്ടം തുടരുമെന്നും പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരവേ, ട്രംപിന്റെ വിജയം അംഗീകരിച്ച് വാഷിങ്‌ടണിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു കമല.
”ഇന്ന് എന്റെ മനസും ഹൃദയവും അങ്ങേയറ്റം നിറഞ്ഞിരിക്കുന്നു. നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി. നാം പ്രതീക്ഷിച്ചതോ നാം പോരാടിയതിന്റെയോ നാം വോട്ട് ചെയ്‌തതിന്റെയോ ഫലമല്ല തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. എന്നാൽ, നാം തളരാത്ത കാലത്തോളം, പോരാടുന്ന കാലത്തോളം അമേരിക്കയുടെ വാഗ്‌ദാനത്തിന്റെ വെളിച്ചം കെട്ടുപോവുകയില്ല. അതെന്നും ജ്വലിച്ചു നിൽക്കും”- കമല പറഞ്ഞു.
ഈ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ ചേർത്ത് നിർത്തിയ കുടുംബത്തിനും പ്രസിഡണ്ട് ജോ ബൈഡനും ഡെമോക്രാറ്റിക് പ്രവർത്തകർക്കും കമല നന്ദി അറിയിച്ചു. നടത്തിയ പോരാട്ടത്തിലും അത് നടത്തിയ രീതിയിലും ഏറെ അഭിമാനമുണ്ടെന്നും കമല കൂട്ടിച്ചേർത്തു.
276 ഇലക്‌ടറൽ വോട്ടുകളുടെ ബലത്തിലാണ് ഡൊണാൾഡ് ട്രംപ് വീണ്ടും യുഎസിന്റെ അധികാരം പിടിച്ചെടുത്തിരിക്കുന്നത്. രണ്ടു ദശാബ്‌ദത്തിനിടെ യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ജനകീയ വോട്ടുകൾ നേടി വിജയിക്കുന്ന ആദ്യ റിപ്പബ്ളിക്കൻ സ്‌ഥാനാർഥിയാണ് ട്രംപ്. 2004ൽ ജോർജ് ഡബ്‌ളൂ. ബുഷ് ആയിരുന്നു ഇതിന് മുൻപ് ജനകീയ വോട്ടുകൾ നേടിയ റിപ്പബ്ളിക്കൻ സ്‌ഥാനാർഥി.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!






































