തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്‌റ്റിലായ മുൻ തന്ത്രി കണ്‌ഠരര് രാജീവരെ, ദ്വാരപാലക ശിൽപ്പ കേസിലും പ്രതിയാക്കാൻ അന്വേഷണ സംഘത്തിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്‌ച കോടതിയിൽ റിപ്പോർട് നൽകും.
സ്വർണക്കൊള്ള കേസിൽ കണ്‌ഠരര് രാജീവർക്കെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം തടവുശിക്ഷ വരെ കിട്ടാവുന്ന ഗുരുതര കുറ്റങ്ങളാണ്. വിശ്വാസവഞ്ചന, വസ്‌തുക്കളുടെ ദുരുപയോഗം, വ്യാജരേഖ നിർണമാണത്തിന്റെ വിവിധ വകുപ്പുകൾ എന്നിവയാണ് തന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗൂഢാലോചനയ്‌ക്കും അഴിമതി നിരോധന നിയമത്തിനും പുറമേയാണിത്.
അധികാരി നടത്തുന്ന വിശ്വാസവഞ്ചന എന്ന കുറ്റവും വിലപ്പെട്ട രേഖകളുടെ വ്യാജരേഖ നിർമാണവും ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്. തന്ത്രി ദേവസ്വം മാനുവൽ ലംഘനത്തിന് കൂട്ടുനിന്നു, സ്വർണം ചെമ്പാക്കിയ മഹസറിൽ ഒപ്പിട്ടു, യുബി ഗ്രൂപ്പ് സ്വർണം പൂശിയതിൽ തന്ത്രിക്ക് വ്യക്‌തമായ അറിവ് ഉണ്ടെന്നുമുള്ള കാര്യങ്ങൾ എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
ഈമാസം 23 വരെയാണ് രാജീവരുടെ റിമാൻഡ് കാലാവധി. 13ന് ജാമ്യാപേക്ഷ പരിഗണിക്കും. കണ്‌ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഇന്നലെ പുലർച്ചെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്‌ഥാനത്ത് വിളിച്ചുവരുത്തിയാണ് കണ്‌ഠരര് രാജീവരെ ചോദ്യം ചെയ്‌തത്.
ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. അതിനുശേഷം ഈഞ്ചക്കലിലെ എസ്ഐടി ഓഫീസിൽ എത്തിച്ചാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. പോറ്റിയെ ശബരിമലയിൽ എത്തിച്ചത് അന്നത്തെ തന്ത്രി കണ്‌ഠരര് രാജീവര് ആണെന്ന് മുൻ ദേവസ്വം പ്രസിഡണ്ട് എ. പത്‌മകുമാർ അടക്കമുള്ളവർ നേരത്തെ മൊഴി നൽകിയിരുന്നു.
തന്ത്രി ആചാരലംഘനത്തിന് കൂട്ടുനിന്നു, പോറ്റിക്ക് കട്ടിളപ്പാളികൾ കൊണ്ടുപോകാനായി ഒത്താശചെയ്‌തു, താന്ത്രിക വിധികൾ പാലിക്കാതെയാണ് കട്ടിളപ്പാളികൾ കൈമാറിയത്, ദേവന്റെ അനുജ്‌ഞ വാങ്ങാതെയാണ് കട്ടിളപ്പാളികൾ കൈമാറിയതെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
ദേവസ്വം ബോർഡ് സ്വർണപ്പാളികൾ പോറ്റിക്ക് കൈമാറിയപ്പോൾ തന്ത്രി അത് തടയാൻ തയ്യാറായില്ല. പകരം പാളികൾ കൊണ്ടുപോകാൻ കുറ്റകരമായ മൗനാനുവാദം നൽകിയെന്നും എസ്ഐടി പറയുന്നു. ശബരിമല സ്വർണക്കൊള്ള കേസിൽ 13ആം പ്രതിയാണ് തന്ത്രി കണ്‌ഠരര് രാജീവര്.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി






































