42-മത് മോസ്കോ ഫിലിം ഫെസ്റ്റിവലില്‍ ബ്രിക്സ് മത്സര വിഭാഗത്തില്‍ മികച്ച നടിയായി കനി കുസൃതി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്റ്റിവലുകളില്‍ ഒന്നായ മോസ്കോ ഫിലിം ഫെസ്റ്റിവലില്‍ ഒരു മലയാള സിനിമക്ക് ആദ്യമായാണ് അവാര്‍ഡ് ലഭിക്കുന്നത്.
‘ബിരിയാണി’യിലെ പ്രകടനത്തിനാണ് കനി കുസൃതി അവാര്‍ഡിന് അര്‍ഹയായത്. ബ്രിക്സ് വിഭാഗത്തില്‍ മത്സരിച്ച രണ്ട് ഇന്ത്യന്‍ സിനിമകളില്‍ ഒന്നായിരുന്നു ബിരിയാണി. മികച്ച നടന്, നടി, സിനിമ, സംവിധാനം, ജൂറി പ്രൈസ് എന്നീ അവാര്‍ഡുകളാണ് ജൂറി പ്രഖ്യാപിച്ചത്. പ്രശസ്ത റഷ്യന്‍ എഴുത്തുക്കാരനും, ക്യാമറമാനും, സംവിധായകനുമായ സെര്‍ജി മോര്ക്രിസ്റ്റസ്കി ജൂറി ചെയര്‍മാനായ സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.
ഇറ്റലിയിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയറായി പ്രദര്‍ശനം, മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാര്‍ഡ്, ബാംഗ്ലൂര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാര്‍ഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജന് പുരസ്ക്കാരം, അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി, നേപ്പാള്‍ തുടങ്ങി വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ സെലക്ഷന്‍സ് എന്നിവക്ക് ശേഷം കനി കുസൃതിക്ക് മികച്ച നടിക്കുള്ള രണ്ടാമത്തെ അന്താരാഷ്ട്ര പുരസ്ക്കാരമാണിത്. ഇതിനു മുന്‍പായി സ്പെയിനിലെ മാഡ്രിഡിലെ ഇമാജിന്‍ ഫിലിം ഫെസ്റ്റിവലില്‍ കനി കുസൃതിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്ക്കാരം ലഭിച്ചിരുന്നു.
കടല്‍ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങള്‍ കാരണം നാട് വിടേണ്ടി വരികയും, അതിന് ശേഷമുള്ള അവരുടെ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം. കദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജ ജലയും, അഭിനയിക്കുന്നു. തീവ്രവാദബന്ധം ആരോപിക്കപ്പെട്ടാല്‍ ഒരു വ്യക്തിയുടെ കുടുംബം നേരിടേണ്ടി വരുന്ന കനല് വഴികളെപ്പറ്റി വ്യത്യസ്ത രീതിയിലെ പ്രമേയം കാഴ്ചവച്ച മലയാള ചിത്രമാണ് ബിരിയാണി. അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശനം നടത്തിയ ചിത്രം കേരളത്തിലെ റിലീസിനായി കാത്തിരിക്കുകയാണ്.
Read Also: ലക്ഷദ്വീപില്‍ സ്കൂളുകള്‍ തുറന്നു; കോവിഡ് ഇല്ലെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കും