കണ്ണൂർ: ജില്ലയിൽ കോവിഡ് രോഗ വ്യാപനം സംസ്ഥാന ശരാശരിയേക്കാൾ ഉയർന്നതായി ആരോഗ്യവകുപ്പ്. വൈറസ് വ്യാപനം കണ്ണൂരിൽ ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ രണ്ടാഴ്ചത്തെ കണക്ക് പ്രകാരം സമ്പർക്ക രോഗികളുടെ എണ്ണം വർദ്ധിച്ചതാണ് സ്ഥിതി ആശങ്കാജനകമാക്കിയത്. 14 ദിവസത്തിനകം 650 പോസറ്റീവ് കേസുകൾ ആണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 416 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.
രോഗ വ്യാപനം തടയുന്നതിനായി കർശനമായ നടപടികളിലേക്ക് പോകണ്ടി വരുമെന്നാണ് ആരോഗ്യവകുപ്പും ജില്ലാ കളക്ടറും വ്യക്തമാക്കുന്നത്. വൈറസ് വ്യാപനം തടയുന്നതിനായി കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്താനാണ് സാധ്യത.
ജനങ്ങളുടെ ജാഗ്രത കുറവാണ് രോഗ വ്യാപനത്തിൻറെ ഏറ്റവും പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കൃത്യമായി മുഖാവരണങ്ങൾ ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതും രോഗവ്യാപനം വർദ്ധിക്കുന്നതിന് ഇടയാക്കി. കണ്ടയ്ൻമെൻറ് സോണായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിൽ പല ബുദ്ധിമുട്ടുകളും കാണിച്ച് നിയന്ത്രണം ഒഴിവാക്കിയെടുക്കാനാണ് ജനങ്ങൾ ശ്രമിക്കുന്നത്. ഇത് നല്ല പ്രവണതയല്ലെന്നും കോവിഡ് സമൂഹ വ്യാപനമായാൽ പിടിച്ച് നിർത്താൻ പറ്റില്ലെന്നും ആരോഗ്യ വകുപ്പ് കർശന മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
2,108 പേരാണ് ജില്ലയിലാകെ കോവിഡ് ബാധിച്ചു ചികിത്സയിൽ ഉള്ളത്. ഇതുവരെ 1,534 പേർ രോഗമുക്തി നേടുകയും 22 പേർ മരണപ്പെടുകയും ചെയ്തു. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നിർദേശങ്ങളും കർശനമായി പാലിക്കുന്നതിന് മുഴുവൻപേരും തയ്യാറാവണം. ചെറിയൊരു ജാഗ്രത കുറവ് പിന്നീട് വൻ വിപത്തായി മാറിയേക്കാം. സമൂഹ വ്യാപനം തടയുന്നതിന് മുഴുവൻ ജനങ്ങളും ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്.