കണ്ണൂർ: സംസ്‌ഥാനത്ത് വീണ്ടും മഴ കനക്കുന്നു. കണ്ണൂരിന്റെ മലയോര മേഖലയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ബാവലി പുഴ കരകവിഞ്ഞു. ആറളം പാലപ്പുഴ പാളയത്തിൽ വെള്ളം കയറി. ചൊവ്വാഴ്‌ച രാത്രി മുതൽ ശക്‌തമായ മഴയാണ് കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ അനുഭവപ്പെടുന്നത്.
ഇരിട്ടി, ആറളം, കൊട്ടിയൂർ മേഖലകളിൽ ഇന്ന് പുലർച്ചെ വരെയും കനത്ത മഴ തുടർന്നു. ഇതോടെ താഴ്‌ന്ന പ്രദേശങ്ങളിൽ റോഡുകളിലടക്കം വെള്ളം കയറി. ശക്‌തമായ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായതോടെ ആറളം പാലപ്പുഴ പാലത്തിൽ വെള്ളം കയറി. ആറളം വനമേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായെന്നും സംശയമുണ്ട്. അതിശക്‌തമായ കാറ്റും പ്രദേശത്തുണ്ട്.
അതേസമയം, സംസ്‌ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്.
നാളെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട് ആയിരിക്കും. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി