കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് റസീന ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് പോലീസിന് മുന്നിൽ ഹാജരായി. ഇന്ന് പുലർച്ചെയാണ് മയ്യിൽ സ്വദേശി റഹീസ് പിണറായി പോലീസ് സ്‌റ്റേഷനിൽ എത്തിയത്. ഇയാളുടെ വിശദമായി മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും പോലീസ് തുടർനടപടികൾ സ്വീകരിക്കുക.
കായലോട് പറമ്പായിയിൽ റസീന മൻസിലിൽ റസീനയെ (40) ചൊവ്വാഴ്‌ചയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് ഇടയാക്കിയത് ആൾക്കൂട്ട വിചാരണ തന്നെയാണെന്ന് പോലീസ് വ്യക്‌തമാക്കിയ സാഹചര്യത്തിലാണ് ആൺസുഹൃത്ത് പോലീസിന് മുന്നിൽ ഹാജരായിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കളിൽ നിന്നടക്കം വ്യത്യസ്‌ത ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ സുഹൃത്തിന്റെ മൊഴി നിർണായകമാകുമെന്ന വിലയിരുത്തലിലാണ് പോലീസ്.
റസീന ആൺസുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കെ മൂന്ന് ബൈക്കുകളിൽ എത്തിയ പ്രതികൾ ഭീഷണിപ്പെടുത്തുകയും മോശമായി ചിത്രീകരിക്കുകയും ചെയ്‌തതായി റസീനയുടെ ശരീരത്തിൽ നിന്ന് കണ്ടെടുത്ത ആത്‍മഹത്യാ കുറിപ്പിൽ വിശദമായിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ പി നിധിൻരാജ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം, യുവതിയുടെ ആത്‍മഹത്യക്ക് കാരണം ആൺസുഹൃത്താണെന്നും അറസ്‌റ്റിലായത് സഹോദരിയുടെ മകൻ ഉൾപ്പടെയുള്ളവരാണെന്നും ഇവർ നിരപരാധികളാണെന്നുമാണ് റസീനയുടെ മാതാവിന്റെ വാദം. എന്നാൽ, ഈ വാദം തള്ളുന്ന കാര്യമാണ് യുവതിയുടെ ആത്‍മഹത്യാ കുറിപ്പിൽ ഉള്ളതെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്.
എന്നാൽ, മാതാവിന്റെ ആരോപണങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ജീവിക്കാൻ അനുവദിക്കില്ലെന്ന തോന്നലിലാണ് യുവതി ആത്‍മഹത്യ ചെയ്‌തതെന്നാണ് മനസിലാക്കുന്നത്. പ്രതികളിൽ ഒരാൾ യുവതിയുടെ ബന്ധുവാണ്. കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് അന്വേഷിക്കുന്നു. ആൺസുഹൃത്തിന്റെ ഫോൺ പിടികൂടിയത് പ്രതികളുടെ പക്കൽനിന്നാണ്. ആൾക്കൂട്ട വിചാരണ വേളയിൽ സ്‌ഥലത്ത് എത്തിയവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ