കോഴിക്കോട്: കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് ഇടതുബന്ധം അവസാനിപ്പിച്ച് മുസ്‌ലിം ലീഗിലേക്ക് തിരിച്ചെത്തി. ഇന്ന് രാവിലെ പാണക്കാട്ടെത്തി അദ്ദേഹം മുസ്‌ലിം ലീഗ് അംഗത്വം സ്വീകരിച്ചു. കൊടുവള്ളിയിൽ എൽഡിഎഫ് സ്‌ഥാനാർഥിയായി റസാഖ് മൽസരിക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ, ആരോഗ്യ പ്രശ്‌നങ്ങൾ കാരണം താൻ മൽസരിക്കാനില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. സിപിഎം ജില്ലാ നേതൃത്വവുമായി കാരാട്ട് റസാഖ് ഇതിനിടയിൽ ഒന്നിടഞ്ഞുവെങ്കിലും പ്രശ്‌നങ്ങളെല്ലാം പറഞ്ഞു പരിഹരിച്ചുവെന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ലീഗിലേക്ക് കാരാട്ട് റസാഖ് മടങ്ങുന്നത്.
സിപിഎമ്മിൽ താൻ നേരിട്ടത് വലിയ അവഗണന ആയിരുന്നുവെന്നാണ് റസാഖ് പറയുന്നത്. പൊതുവെ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ചേർത്തുപിടിക്കാൻ കഴിയാത്ത അവസ്‌ഥയാണ്. ഒരുപാട് മുൻ എംഎൽഎമാരും മന്ത്രിമാരും അതുകൊണ്ടാണ് ഇവിടെ നിന്നും പടിയിറങ്ങി പോയത്. ചേർത്തുപിടിക്കുന്നതിൽ താൽപര്യം കാണിക്കാത്ത സാഹചര്യമാണ്. സഹയാത്രികർക്കും രക്ഷയില്ലാത്ത അവസ്‌ഥയാണ്. അതുകൊണ്ടാണ് മാതൃസംഘടനയിലേക്ക് പോയി പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും റസാഖ് പറഞ്ഞു.
പെട്ടെന്നുള്ള തീരുമാനമാണിത്. ഇന്നലെയാണ് ലീഗ് നേതൃത്വവുമായി ചർച്ച നടത്തിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായും കുഞ്ഞാലിക്കുട്ടി സാഹിബുമായും എംഎകെ മുനീറുമായാണ് സംസാരിച്ചത്. എനിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ട്. അതുകൊണ്ട് മൽസരിക്കാൻ താൽപര്യം ഇല്ലായിരുന്നു. എൽഡിഎഫിന്റെ സീറ്റ് ചർച്ചകളിൽ നിന്നും ഒഴിഞ്ഞുമാറിയതാണ്. നേരത്തെ എൽഡിഎഫ് ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ, ചില സാങ്കേതിക കാരണങ്ങളാൽ പോകാൻ കഴിഞ്ഞില്ലെന്നേയുള്ളൂവെന്നും റസാഖ് പറഞ്ഞു.
2016ൽ ലീഗിന്റെ എംഎ. റസാഖിനെ 573 വോട്ടുകൾക്കാണ് എൽഡിഎഫിന് വേണ്ടി കാരാട്ട് റസാഖ് അട്ടിമറിച്ചത്. എന്നാൽ, 2021ൽ എതിരാളിയായി എംകെ. മുനീർ എത്തി. ഇതോടെ 6344 വോട്ടുകൾക്ക് പരാജയപ്പെട്ടു. പിവി. അൻവർ എൽഡിഎഫ് ബന്ധം അവസാനിപ്പിച്ച സമയത്ത് കാരാട്ട് റസാഖ് മുന്നണി വിടുമെന്ന അഭ്യൂഹം ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം വാർത്തകൾ നിഷേധിക്കുകയായിരുന്നു.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ







































