നിലമ്പൂർ: 2019 ജൂലൈ മൂന്നിന് നാടിന് സമർപ്പിച്ച കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. പ്രഖ്യാപനം നടത്തി രണ്ട് വർഷം കഴിഞ്ഞിട്ടും നടപടികൾ തുടങ്ങിയില്ലെന്ന വിമർശനത്തിനിടെയാണ് സർക്കാർ ഫണ്ട് വകയിരുത്തിയത്. കോച്ചിങ് ക്യാമ്പുകളുടെ പ്രവൃത്തികളും നടന്നുവരുന്നുണ്ട്. പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കിയാവും പദ്ധതി നടത്തിപ്പ്.
ഗജമുഖം, ഓണക്കപ്പാറ എന്നിവിടങ്ങളിൽ ആന്റി കോച്ചിങ് ക്യാമ്പുകൾ നിർമിക്കാൻ 17 ലക്ഷവും തീക്കടി വാച്ചർമാർ, ഇൻഫർമേഷൻ സെന്റർ, കാട്ടുതീ നിയന്ത്രിത സംവിധാനം തുടങ്ങി വനം സുരക്ഷയുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്ക് താൽക്കാലിക നിയമനങ്ങൾക്കുമായി 45 ലക്ഷവും അനുവദിച്ചിട്ടുണ്ട്. കൂടാതെ സങ്കേതവുമായി ബന്ധപ്പെട്ട് നെടുങ്കയം ഇക്കോ ടൂറിസം വികസിപ്പിക്കാൻ ഒന്നേകാൽ കോടി രൂപ അനുവദിച്ചതായി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ പി പ്രവീൺ പറഞ്ഞു.
വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയാനുള്ള ബൃഹത് പദ്ധതിയും ആളുകൾക്ക് തൊഴിലും കൂടുതൽ തസ്തികകളും ഉണ്ടാവുമെന്ന് വനംവകുപ്പ് ഉറപ്പ് നൽകുന്നുണ്ട്. കേരളത്തിലെ പതിനെട്ടാമത്തേതും വിസ്തൃതിയിൽ നാലാമതും വരുന്നതാണ് കരിമ്പുഴ വന്യജീവി സങ്കേതം.
Most Read: ലഹരിക്കടത്ത്; വാളയാർ ചെക്ക്പോസ്റ്റിൽ പരിശോധന കൂട്ടി







































