മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തെ ഇല്ലായ്‌മ ചെയ്യാനുള്ള നീക്കങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി നയിച്ചു കൊണ്ടിരിക്കുന്ന പ്രക്ഷോഭ പരമ്പരയിലെ നില്‍പ്പ് സമരം നാളെ നടക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. മലപ്പുറം ഈസ്റ്റ് ജില്ലയിലെ 75 കേന്ദ്രങ്ങളിലാണ് നാളെ നില്‍പ്പു സമരം നടക്കുന്നത്.
വിമാനത്താവളത്തെ കേവലം വേനല്‍ക്കാല സര്‍വ്വീസിനായി മാത്രം പരിമിതപ്പെടുത്താനുള്ള നീക്കം തടയുക, വിവിധ രീതികളില്‍ ഘട്ടം ഘട്ടമായി കരിപ്പൂരിനെ തകര്‍ക്കാനുള്ള അധികൃതരുടെ ഗൂഢശ്രമങ്ങളെ പ്രതിരോധിക്കുക, കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള അനുമതി അടിയന്തിരമായി പുനഃസ്ഥാപിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളോടെ നടത്തുന്ന പ്രക്ഷോഭങ്ങളുടെ രണ്ടാം ഘട്ടമായാണ് എസ് വൈ എസ് സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം നടത്തുന്നത്.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് 20 പേരാണ് നില്‍പ്പു സമരത്തില്‍ പങ്കെടുക്കുക. 32 വര്‍ഷമായി പൊതുമേഖലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍പോര്‍ട്ടാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം. വിവിധ കാരണങ്ങള്‍ പറഞ്ഞ് എയര്‍പ്പോര്‍ട്ടിന്റെ വികസനത്തിന് തുരങ്കം വെക്കുകയാണ് അധികൃതര്‍. ദൗര്‍ഭാഗ്യകരമായ വിമാനാപകടത്തിന്റെ മറവില്‍ വീണ്ടും വലിയ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. മലബാര്‍ ജനതയോടുമുള്ള ഈ അവഗണ അനുവദിക്കാനാകില്ല. പത്ര പ്രസ്‌താവനയിൽ എസ് വൈ എസ് വ്യക്തമാക്കി.
ഇ കെ മുഹമ്മദ് കോയ സഖാഫി, കെ പി ജമാല്‍ കരുളായി, എ പി ബശീര്‍, സി കെ ഹസൈനാര്‍ സഖാഫി, ടി മുഈനുദ്ദീന്‍ സഖാഫി, കരുവള്ളി അബ്ദുറഹീം, വി പി എം ഇസ്ഹാഖ്, സി കെ ശക്കീര്‍, ടി സിദ്ദീഖ് സഖാഫി, എന്നിവര്‍ നില്‍പ്പ് സമരത്തിന് നേതൃത്വം നല്‍കും. പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, നഗര സഭ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും പ്രാസ്ഥാനിക നേതാക്കളും പങ്കെടുക്കും; സംഘാടകര്‍ വ്യക്തമാക്കി.
SYS NEWS: ഗ്ലോബല്‍ സൈബര്‍ കോണ്‍ഫറന്‍സ് സമാപിച്ചു