കുളത്തിൽ വീണ ഒമ്പത് വയസുള്ള രണ്ട് കുട്ടികളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ അഞ്ച് കൂട്ടുകാർക്ക് രാഷ്‍ട്രപതിയുടെ ജീവൻരക്ഷാ മെഡൽ. കരിവെള്ളൂർ തെരു, കുതിര് പ്രദേശങ്ങളിൽ ഉള്ളവരാണ് അഞ്ചുപേരും.
പീലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ളസ് ടു വിദ്യാർഥി സി. യദുനന്ദ്, സഹോദരൻ കരിവെള്ളൂർ എവി. സ്‌മാരക സ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥി സി. ഋതുനന്ദ്, ഒമ്പതാം ക്ളാസ് വിദ്യാർഥി കെപി ആകാശ്, കൊടക്കാട് കെഎംവിഎച്ച്എസ്എസ് പ്ളസ് വൺ വിദ്യാർഥി ഹാർഷിക് മോഹൻ, മാന്യഗുരു യുപി സ്‌കൂൾ ഏഴാം ക്ളാസ് വിദ്യാർഥി കെ. വൈശാഖ് എന്നിവരാണ് ജീവൻരക്ഷാ മെഡലിന് അർഹരായത്.
കരിവെള്ളൂർ വടക്കുമ്പാട്ടെ സ്വകാര്യ വ്യക്‌തിയുടെ കുളത്തിൽ നിന്നാണ് കരിവെള്ളൂർ സെൻട്രൽ എൽപി സ്‌കൂളിലെ നാലാം ക്ളാസ് വിദ്യാർഥികളായിരുന്ന ഋത്വിക്, പ്രകൃതീശ്വരൻ എന്നിവരെ അഞ്ചുപേരും ചേർന്ന് രക്ഷിച്ചത്. 2024 ഒക്‌ടോബറിലായിരുന്നു സംഭവം.
സ്‌കൂൾ അവധി ആയതുകൊണ്ട് അഞ്ചുപേരും വടക്കുമ്പാട്ടെ വയലിലേക്ക് കളിക്കാനായി പോവുകയായിരുന്നു. വഴിയരികിലെ കുളത്തിന്റെ കരയിൽ ഇരിക്കുകയായിരുന്ന കുട്ടികളോട് വെള്ളം കയറിയ സമയമാണ് ഇറങ്ങരുത് എന്ന് പറഞ്ഞ ശേഷമാണ് അഞ്ചുപേരും വയലിലേക്ക് പോയത്. എന്നാൽ, വയലിൽ ചെളി നിറഞ്ഞതിനാൽ മടങ്ങിവരുമ്പോഴാണ് കുളത്തിൽ മുങ്ങിത്താഴുന്ന കുട്ടികളെ കണ്ടത്.
ഉടൻ തന്നെ കൈയിലുണ്ടായിരുന്ന വടിയുമായി യദുനന്ദ് കുളത്തിലേക്കിറങ്ങി. വടി നീട്ടിക്കൊടുത്ത് ഒരാളെ രക്ഷിച്ചു. അപ്പോഴേക്കും രണ്ടാമത്തെയാൾ താഴ്‌ന്നുപോയിരുന്നു. ഇടയ്‌ക്ക് ഒന്ന് ഉയർന്ന് വന്നപ്പോൾ കൈയിൽ പിടിത്തം കിട്ടി. ബാക്കി നാലുപേരും യദുനന്ദനെ സഹായിച്ചു. കുറച്ചു വെള്ളം കുടിച്ചതല്ലാതെ മറ്റു പ്രശ്‌നങ്ങൾ ഒന്നുമില്ലായിരുന്നു.
രണ്ടുകുട്ടികളെയും വീട്ടിൽ കൊണ്ടാക്കിയ ശേഷമാണ് അഞ്ചുപേരും വീടുകളിലേക്ക് മടങ്ങിയത്. പിന്നാലെ വിവരം എല്ലാവരും അറിഞ്ഞു. രാജ്യത്തെ 18 കുട്ടികൾക്കാണ് ജീവൻരക്ഷാ പതക് ലഭിച്ചത്. അതിൽ അഞ്ചുപേരും നാടിന്റെ ഓമനകളായതിനാൽ അഭിമാനിക്കുകയാണ് കരിവെള്ളൂർ ഗ്രാമം. ഇതോടെ, ഇവർ നാടിന്റെ ഹീറോകളായി മാറി.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ





































