കാസർഗോഡ്: തലപ്പാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണസംഖ്യ ആറായി. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കർണാടക ആർടിസിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലെത്തിയ ബസ് ആറുവരി ദേശീയ പാതയിൽ നിന്ന് നാലുവരി പാതയിലേക്ക് കയറിയപ്പോഴായിരുന്നു അപകടം.
വീതി കുറഞ്ഞ നാലുവരി പാതയിലേക്ക് കയറുന്നതിനായി ബ്രേക്ക് ചെയ്തപ്പോൾ വണ്ടി പാളുകയും എതിർദിശയിൽ വന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായി തകരുകയും യാത്രക്കാരായ എല്ലാവരും മരിക്കുകയും ചെയ്തു. തുടർന്ന് ബസ് പിന്നിലേക്ക് നീങ്ങിവന്ന് ഒരു വശത്തേക്ക് തിരിഞ്ഞ് മറ്റൊരു ഓട്ടോയിൽ ഇടിക്കുകയായിരുന്നു.
ദക്ഷിണ കന്നഡയിലെ കോട്ടേക്കർ പഞ്ചായത്തിലെ അജിനട്ക സ്വദേശികളായ ഹൈദരലി (47), ഖദീജ (60), സ്ബാഹുൽ ഹമീദിന്റെ മകൾ ഹസ്ന (10), നഫീസ (52), ആയിഷ ഫിദ (19) എന്നിവരും മംഗളൂരു ബിസി റോഡിലെ ഫറങ്കിപ്പേട്ട സ്വദേശി അബ്ദുൾ ഖാദറിന്റെ ഭാര്യ ഹവ്വമ്മയുമാണ് മരിച്ചത്. കാസർഗോഡ് പെരുമ്പള സ്വദേശി ലക്ഷ്മി, മകൻ സുരേന്ദ്ര എന്നിവർക്കാണ് പരിക്കേറ്റത്. കാസർഗോട്ടേക്കുള്ള ബസ് കാത്തുനിൽക്കുകയായിരുന്നു ഇവർ.
ഇന്ന് ഉച്ചതിരിഞ്ഞ് 1.12നാണ് അപകടമുണ്ടായത്. കേരളത്തിലെ ആറുവരി ദേശീയപാത കഴിഞ്ഞ് കർണാടകയുടെ നാലുവരിപ്പാത തുടങ്ങുന്നിടത്താണ് അപകടം. അതേസമയം, ബസ് ഡ്രൈവറുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി കർണാടക ആർടിസി മംഗളൂരു ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ