ചെന്നൈ: തമിഴ്നാട്ടിൽ സ്വാധീനം ഉറപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക്. സിനിമ താരവും, കോണ്‍ഗ്രസ് അംഗവുമായിരുന്ന ഖുശ്ബുവിനെ ബിജെപിയിലേക്ക് അടര്‍ത്തിയതിന് ശേഷം ബിജെപി കൂടുതല്‍ പ്രമുഖരെ പാളയത്തില്‍ എത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു.
ഇതിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മൂത്തമകന് അഴഗിരി എന്‍ഡിഎയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട അഴഗിരി പുതിയ പാര്‍ട്ടി രുപീകരിച്ചാവും എന്‍ഡിഎ മുന്നണിയിലേക്ക് പോവുകയെന്ന് സൂചനകളുണ്ട്.
2021ല്‍ നടക്കാനിരിക്കുന്ന അസംബ്ളി തിരഞ്ഞെടുപ്പിന് മുന്‍പ് തമിഴ്നാട്ടിലെ നിര്‍ണായക ശക്തിയാവുകയാണ് ബിജെപിയുടെ ലക്ഷ്യം. അഴഗിരിയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്ന് ബിജെപിയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമാവുന്ന നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്.
അഴഗിരി നവംബര്‍ 21ന് കേന്ദ്ര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തും. പുതിയ പാര്‍ട്ടിയുടെ രൂപീകരണത്തിന് ശേഷമാവും മുന്നണി പ്രവേശനം. ‘കലൈഞ്ചര്‍ ഡിഎംകെ‘ എന്ന പേരിലാണ് പാര്‍ട്ടി രൂപീകരിക്കുന്നത്. അഴഗിരിയുടെ മകന് ദയാനിധിയും പാര്‍ട്ടിയില്‍ സുപ്രധാന പദവിയില്‍ എത്തുമെന്ന് ദേശീയ മാദ്ധ്യങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Also: ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം; കേന്ദ്രം മാർഗരേഖ പുറത്ത് വിട്ടു








































