കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന് കമ്മീഷൻ ലഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കരുവന്നൂർ ബാങ്കിൽ സിപിഎം ലോക്കൽ കമ്മിറ്റിയുടെ പേരിൽ രണ്ടു അക്കൗണ്ടുകൾ ഉണ്ടായിരുന്നതായും ഇഡി കണ്ടെത്തി. ഇതിലൂടെ വൻ തുകകളുടെ ഇടപാടുകളാണ് നടന്നത്. ബിനാമി വായ്പകളുടെ കമ്മീഷൻ തുകയും ഈ അക്കൗണ്ടുകളിൽ എത്തിയിരുന്നു.
എന്നാൽ, ബാങ്ക് ക്രമക്കേട് പുറത്തായപ്പോൾ 90 ശതമാനം തുകയും പിൻവലിച്ചെന്നും ഇഡി വെളിപ്പെടുത്തി. അതേസമയം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സിപിഎം ജില്ലാ നേതൃത്വം ഇഡിക്ക് കൈമാറിയിട്ടില്ല. വിവരങ്ങൾ സംസ്ഥാന സെക്രട്ടറിയോട് ചോദിക്കൂവെന്നാണ് തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ് വ്യക്തമാക്കിയത്. ഇഡിയുടെ ചോദ്യം ചെയ്യലിലായിരുന്നു ഇദ്ദേഹത്തിന്റെ നിലപാട്. ഇതിന്റെ പശ്ചാത്തലത്തിൽ എംഎം വർഗീസിനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.
അതേസമയം, സംസ്ഥാനത്തെ കൂടുതൽ സഹകരണ ബാങ്കുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ഇഡി. സംസ്ഥാനത്തെ 20 സഹകരണ ബാങ്കുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി ഇഡി കോടതിയിൽ അറിയിച്ചിട്ടുണ്ട്. കരുവന്നൂർ കള്ളപ്പണ തട്ടിപ്പ് കേസിൽ ആദ്യഘട്ട കുറ്റപത്രം ഇഡി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 12,000 ത്തിലധികം പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 50 പ്രതികളും അഞ്ചു കമ്പനികളുമാണ് പ്രതിപട്ടികയിലുള്ളത്.
15 കോടിയിലേറെ രൂപ ബാങ്കിൽ നിന്ന് തട്ടിയ റബ്കോ കമ്മീഷൻ ഏജന്റ് കൂടിയായ എകെ ബിജോയാണ് കേസിലെ ഒന്നാം പ്രതി. സിപിഎം കൗൺസിലറായ പിആർ അരവിന്ദാക്ഷൻ കേസിലെ 14ആം പ്രതിയാണ്. കള്ളപ്പണ കേസിലെ ഉന്നത ഇടപെടലിൽ അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തിൽ ഇഡി വ്യക്തമാക്കി. കേസിൽ ആദ്യ അറസ്റ്റ് നടന്ന് 60 ദിവസം പൂർത്തിയാകാനിരിക്കേയാണ് പ്രതികളുടെ സ്വാഭാവിക ജാമ്യത്തിനുള്ള വഴിയടച്ചു ഇഡി കോടതിയിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചത്.
Most Read| നവകേരള സദസ്; തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ട നടപടിക്ക് സ്റ്റേ