കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ചിലവിനായി തദ്ദേശ സ്‌ഥാപനങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ട നടപടിയിൽ സർക്കാരിന് തിരിച്ചടി. പണം നൽകണമെന്ന് നിർദ്ദേശിക്കുന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. മുനിസിപ്പാലിറ്റി ആക്‌ട് പ്രകാരം പണം അനുവദിക്കണമെന്ന് നിർദ്ദേശം നൽകാൻ സർക്കാരിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കൗൺസിൽ തീരുമാനങ്ങളില്ലാതെ പണം ചിലവഴിക്കാൻ സെക്രട്ടറിമാർക്ക് അധികാര നൽകിയതും ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. മുനിസിപ്പൽ കൗൺസിൽ നിയമപ്രകാരം തീരുമാനമെടുത്താൽ മാത്രമേ നവകേരള സദസിലേക്കുള്ള സംഭാവന നഗരസഭാ ഫണ്ടിൽ നിന്ന് ചിലവഴിക്കാനാകൂവെന്നും കോടതി വ്യക്‌തമാക്കി.
സർക്കാരിന്റെ നിർദ്ദേശത്തിനെതിരെ പറവൂർ നഗരസഭ സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി. സർക്കാർ ഉത്തരവിലെ നിർദ്ദേശം മുനിസിപ്പാലിറ്റി നിയമത്തിന് വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസ് സ്‌റ്റേ ചെയ്‌തത്. അതേസമയം, ഒല്ലൂർ മണ്ഡലത്തിലെ നവകേരള സദസിനായി പുത്തൂർ സുവോളജിക്കൽ പാർക്കിൽ വേദി അനുവദിച്ചത് എന്തിനെന്നും ഹൈക്കോടതി ചോദിച്ചു.
സുവോളജിക്കൽ പാർക്കിന്റെ മുഴുവൻ സ്‌ഥലവും മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളതല്ലേയെന്നും കോടതി ചോദിച്ചു. കോടതി അനുവദിക്കുന്നില്ലെങ്കിൽ വേദി മാറ്റാമെന്ന് സർക്കാർ അറിയിച്ചു. മൃഗശാലയല്ല, കാർ പാർക്കിങ്ങിലാണ് പരിപാടിക്കായി അനുവദിച്ചിട്ടുള്ളത് എന്നായിരുന്നു സുവോളജിക്കൽ പാർക്ക് ഡയറക്‌ടർ കീർത്തി ഐഎഫ്എസ് ഹൈക്കോടതിയെ നേരിട്ട് ഹാജരായി അറിയിച്ചത്. പാർക്കിന്റെ മാപ്പ് അടക്കമുള്ള രേഖകളും കോടതിയിൽ ഹാജരാക്കി. ഉച്ചക്ക് ശേഷം വീണ്ടും പരിഗണിക്കുമ്പോഴായിരിക്കും ഇക്കാര്യത്തിൽ സർക്കാരിന്റെ തീരുമാനം കോടതിയെ അറിയിക്കുക.
Most Read| കണ്ണൂർ സർവകലാശാല വിസിയായി ഡോ. എസ് ബിജോയ് നന്ദൻ; ഉത്തരവ് ഉടൻ