തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. എസ് ബിജോയ് നന്ദൻ ഇന്ന് ചുമതലയേൽക്കും. മറൈൻ ബയോളജി ഡിപ്പാർട്ട്മെന്റ് പ്രൊഫസറും സെനറ്റ്, സിൻഡിക്കേറ്റ് അംഗവുമാണ് ബിജോയ് നന്ദൻ. രാജ്‌ഭവനിൽ നിന്ന് ഇന്ന് ഉച്ചക്ക് മുൻപ് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി നിയമിച്ചുള്ള നിയമന ഉത്തരവിറങ്ങും. ഇന്ന് തന്നെ പുതിയ വിസിയായി ബിജോയ് നന്ദൻ ചുമതലയേൽക്കും.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ച നടപടി സുപ്രീം കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. വൈസ് ചാൻസലറെ പുനർ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവർണർ ബാഹ്യശക്‌തികൾക്ക് വഴങ്ങിയെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിസി നിയമനത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നടത്തിയ നിയമവിരുദ്ധ ഇടപെടലും അതനുസരിച്ചു ചാൻസലർ കൈകൊണ്ട തീരുമാനവുമായിരുന്നു നടപടി റദ്ദാക്കാനുള്ള കാരണം.
നാല് വിഷയങ്ങളാണ് ഹരജിയിൽ പരിഗണിച്ചതെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. മൂന്ന് വിഷയങ്ങളിൽ കോടതി സർക്കാരിനൊപ്പം നിന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബാഹ്യശക്‌തികൾക്ക് വഴങ്ങിയെന്നും കോടതി നിരീക്ഷിച്ചു. ചാൻസലർ വെറും റബർ സ്‌റ്റാമ്പ് ആകരുതെന്നും വിമർശിച്ച കോടതി, നിയമനത്തിൽ ബാഹ്യയിടപെടൽ പാടില്ലെന്നും പറഞ്ഞു. സർക്കാരിനും കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രനും ഏറെ നിർണായകമായിരുന്ന ഹരജിയിലാണ് ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്‌റ്റിസ് ജെബി പർദിവാലയും ഉൾപ്പെട്ട ബെഞ്ച് വിധി പറഞ്ഞത്.
Related News| കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ പുറത്ത്; നിയമനം റദ്ദാക്കി സുപ്രീം കോടതി