തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനർനിയമനത്തിൽ അനധികൃത ഇടപെടൽ നടത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കണ്ണൂർ വിസിയുടെ പുനർനിയമനത്തിൽ മന്ത്രി ആർ ബിന്ദു ഇടപെട്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
മന്ത്രിയുടെ അനധികൃത ഇടപെടൽ സത്യപ്രതിജ്‌ഞാ ലംഘനവും സ്വജനപക്ഷപാതവുമാണ്. കേരള നിയമസഭ പാസാക്കിയ നിയമത്തിൽ വിസി നിയമനത്തിൽ പ്രൊ ചാൻസലർ കൂടിയായ ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് യാതൊരു അധികാരവും നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ വിസി നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ നിയമ വ്യവസ്‌ഥയോടുള്ള വെല്ലുവിളിയാണെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.
ഒരു മന്ത്രി നിയമവിരുദ്ധമായി പ്രവർത്തിച്ചുവന്ന പരമോന്നത നീതിപീഠം കണ്ടെത്തിയ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന് തൽസ്‌ഥാനത്ത് തുടരാനുള്ള അർഹത നഷ്‌ടപ്പെട്ടിരിക്കുകയാണ്. ഈ അടിയന്തിര സാഹചര്യത്തിൽ ആർ ബിന്ദുവിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും വിഡി സതീശൻ കത്തിൽ ആവശ്യപ്പെട്ടു.
തന്റെ കടമകൾ ഭയമോ, പ്രീതിയോ, വാൽസല്യമോ, ദുരുദ്ദേശമോ ഇല്ലാതെ നിർവഹിക്കുമെന്നും ഭരണഘടന മൂല്യങ്ങളെയും നിയമങ്ങളും ഉയർത്തിപ്പിടിക്കുമെന്നും സത്യപ്രതിജ്‌ഞാ ചെയ്‌ത് അധികാരത്തിലേറിയ മന്ത്രി സ്വജനപക്ഷപാതപരവും നിയമവിരുദ്ധവുമായ ഇടപെടൽ നടത്തി എന്ന കോടതിയുടെ കണ്ടെത്തൽ അതീവ ഗൗരവമേറിയതാണ്. ഈ അടിയന്തിര സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി ആർ ബിന്ദുവിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Related News| കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ പുറത്ത്; നിയമനം റദ്ദാക്കി സുപ്രീം കോടതി