ന്യൂഡെൽഹി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ തസ്‌തികയിലേക്കുള്ള തന്റെ നിയമനം റദ്ദാക്കരുതെന്നും യോഗ്യതയുടെയും മെറിറ്റിന്റെയും അടിസ്‌ഥാനത്തിലാണ് തന്റെ നിയമനമെന്നും സത്യവാങ്‌മൂലത്തില്‍ പ്രിയ വര്‍ഗീസ് പറയുന്നു. കണ്ണൂര്‍ സര്‍വകലാശാല നിയമനം ചട്ടപ്രകാരമാണെന്ന് വ്യക്‌തമാക്കി സുപ്രീം കോടതിയില്‍ നേരെത്തെ സത്യവാങ്‌മൂലം ഫയല്‍ ചെയ്‌തിരുന്നു.
നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇതിനിടയിലാണ് യുജിസി ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി സെലക്ഷന്‍ കമ്മിറ്റി തീരുമാനം റദ്ദാക്കാനാകില്ലെന്നും വിദഗ്‌ധരടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റിയാണ് തന്നെ ഒന്നാം റാങ്കോടെ തിരഞ്ഞെടുത്തതെന്നും വ്യക്‌തമാക്കുന്ന പ്രിയയുടെ സത്യവാങ്‌മൂലം കോടതിക്ക് മുന്നിലെത്തിയത്.
ഹൈക്കോടതി വിധിക്കെതിരെ യുജിസിയും ജോസഫ് സ്‌കറിയയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്‌റ്റിസുമാരായ ജെകെ മഹേശ്വരി, സുധാന്‍ഷു ദുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് യുജിസി നിഷ്‌കര്‍ഷിക്കുന്ന എല്ലാ യോഗ്യതകളും തനിക്കുണ്ടെന്നും സത്യവാങ്‌മൂലത്തില്‍ പ്രിയ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷകരായ ബിജു പി രാമന്‍, കെആര്‍ സുഭാഷ് ചന്ദ്രന്‍ എന്നിവരാണ് സത്യവാങ്‌മൂലം ഫയല്‍ചെയ്‌തത്.
അതേസമയം, പ്രിയ വര്‍ഗീസിന്റെ നിയമനം ചട്ടപ്രകാരമാണെന്ന് വ്യക്‌തമാക്കി സംസ്‌ഥാന സര്‍ക്കാരും സുപ്രീം കോടതിയില്‍ സത്യവാങ്‌മൂലം ഫയല്‍ ചെയ്‌തു. ഡെപ്യൂട്ടേഷൻ സർവ സാധാരണമാണെന്നും ഡെപ്യൂട്ടേഷൻ യോഗ്യത കുറവാക്കിയാൽ പ്രോഗ്രാം കോഡിനേറ്റർമാരാകാൻ അധ്യാപകർ തയ്യാറാവില്ലെന്നും സത്യവാങ്‌മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. സംസ്‌ഥാന സർക്കാരിന്റെ സ്‌റ്റാന്‍ഡിങ് കോണ്‍സല്‍ സികെ ശശിയാണ് സത്യവാങ്‌മൂലം ഫയല്‍ ചെയ്‌തത്.
WORLD | ഇസ്രയേൽ: രണ്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെട്ടു