ഗാസ സിറ്റി: ഇസ്രയേൽ വ്യോമാക്രമണത്തില്‍ രണ്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെട്ടു. എഎഫ്‌പി, അല്‍ ജസീറ വാര്‍ത്താ ഏജന്‍സികളിലെ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. എഎഫ്‌പിയിലെ മുസ്‌തഫ തുരിയ, അല്‍ ജസീറ ടെലിവിഷനിലെ ഹംസ വെയ്‌ൽ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇസ്രയേൽ മിസൈല്‍ പതിക്കുകയായിരുന്നുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്‌തു. അതേ സമയം ഇസ്രയേൽ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകരുടെ എണ്ണം 109 ആയി.
അല്‍ ജസീറയുടെ ഗാസ ബ്യൂറോ ചീഫ് വെയ്‌ൽ അല്‍ ദഹ്ദൂഹിന്റെ മകനാണ് ഹംസ വെയ്ല്‍ ദഹ്ദൂഹ്. 2023 ഒക്‌ടോബറിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തില്‍ വെയ്‌ൽ അല്‍ ദഹ്ദൂഹിയുടെ ഭാര്യയും മകളും മറ്റൊരു മകനും പേരക്കുട്ടിയും കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ ദഹ്ദൂഹിന് പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
സംഭവത്തെക്കുറിച്ച് ഇസ്രയേൽ സേന ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒക്‌ടോബർ ഏഴിന് ഹമാസ്, ഇസ്രയേൽ ജനതയോട് നടത്തിയ ക്രൂരമായ ആക്രമത്തോടെ ആരംഭിച്ച ഇസ്രയേൽ-ഹമാസ് യുദ്ധം നിരവധി മാധ്യമപ്രവര്‍ത്തകരുടെ ജീവനെടുത്തു. ശനിയാഴ്‌ചവരെ 77 പത്രപ്രവര്‍ത്തകർ കൊല്ലപ്പെട്ടതായി കമ്മറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് ജേണലിസ്‌റ്റ്സ് (സിപിജെ) പറഞ്ഞു.
3 മാസം തികയുന്ന യുദ്ധം പകർച്ചവ്യാധിയുടെയും പട്ടിണിയുടെയും നടുവിൽ നരകിക്കുന്ന അവസ്‌ഥയിലേക്കാണ് ഗാസയെ നയിച്ചിരുന്നത്. ഒക്ടോബർ 7നുശേഷം കൊല്ലപ്പെട്ട പലസ്‌തീൻകാരുടെ എണ്ണം 22,722 ആയി. പരുക്കേറ്റവർ 58,1666. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 122 പേർ കൊല്ലപ്പെട്ടു; 256 പേർക്കു പരുക്കേറ്റതായുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
RELATED NEWS | കൂടുതൽ വാർത്തകൾ ഇവിടെ വായിക്കാം