ന്യൂഡെൽഹി: അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയാ വർഗീസിന്റെ നിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമല്ലെന്ന് കണ്ണൂർ സർവകലാശാല സുപ്രീം കോടതിയിൽ. പ്രിയാ വർഗീസിന്റെ നിയമനത്തിൽ യുജിസി വാദങ്ങളെ എതിർത്ത് കണ്ണൂർ സർവകലാശാല സുപ്രീം കോടതിയിൽ സത്യവാങ്‌മൂലം നൽകി. നിയമനത്തിന് യുജിസി നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ സർവകലാശാല രജിസ്‌ട്രാർ വ്യക്‌തമാക്കി.
പ്രിയാ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സമർപ്പിച്ച ഹരജിയിലാണ് സർവകലാശാല നിലപാട് അറിയിച്ചത്. തിങ്കളാഴ്‌ച കേസ് സുപ്രീം കോടതി പരിഗണിക്കും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയായ പ്രിയ വർഗീസിന്, കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് വേണ്ട അധ്യാപന പരിചയമില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു.
അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. പ്രിയക്ക് നിയമനം നൽകിയത് നിബന്ധനകൾ പാലിച്ചല്ലെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് കണ്ടെത്തിയിരുന്നു. പ്രിയാ വർഗീസിന്റെ ഗവേഷണ കാലം അധ്യാപക പരിചയമായി കണക്കാക്കാനാകില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ഈ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയായിരുന്നു.
കണ്ണൂർ സർവകലാശാല ഫാക്കൽറ്റി ഡവലപ്പ്മെന്റ് പ്രോഗ്രാമിന്റെ കീഴിൽ ഗവേഷണം ചെയ്‌ത കാലം, ഡെപ്പ്യൂട്ടേഷനിൽ സർവകലാശാല സ്‌റ്റുഡന്റ്സ് സർവീസ് ഡയറക്‌ടറും എൻഎസ്എസ് കോ-ഓർഡിനേറ്ററും ആയിരുന്ന കാലം, കണ്ണൂർ സർവകലാശാലയിലെ ടീച്ചർ എജ്യൂക്കേഷനിൽ സെന്ററിൽ കരാർ അടിസ്‌ഥാനത്തിൽ ലക്‌ചറർ ആയിരുന്ന, നെറ്റ് യോഗ്യത നേടിയതിന് ശേഷമുള്ള 2002 ജൂൺ 5- 2003 ഫെബ്രുവരി 28 കാലം എന്നിവ അധ്യാപനമായി പരിഗണിക്കാമെന്നും കോടതി വ്യക്‌തമാക്കിയിരുന്നു.
Most Read| രാജ്‌ഭവൻ മാർച്ച് നടക്കുന്ന ദിവസം ഗവർണർ ഇടുക്കിയിൽ; ഹർത്താൽ പ്രഖ്യാപിച്ചു എൽഡിഎഫ്