ന്യൂഡെൽഹി: ഒടുവിൽ ആശ്വാസ വാർത്ത. അറബിക്കടലിൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ചരക്കുകപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു. സൊമാലിയൻ തീരത്ത് നിന്ന് തട്ടിയെടുത്ത 15 ഇന്ത്യക്കാർ അടക്കമുള്ള എംവി ലില നോർഫോൾക്ക് എന്ന കപ്പലാണ് നാവികസേന മോചിപ്പിച്ചത്. കപ്പലിൽ ഉണ്ടായിരുന്ന 15 ഇന്ത്യക്കാർ ഉൾപ്പടെയുള്ള 21 ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
തട്ടിയെടുത്ത കപ്പൽ ഉപേക്ഷിച്ചു പോകാൻ കടൽകൊള്ളക്കാർക്ക് ഇന്ത്യൻ കമാൻഡോകൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് കടൽക്കൊള്ളക്കാർ കപ്പൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈ ആണ് തട്ടിക്കൊണ്ടുപോയ കപ്പലിനടുത്ത് എത്തിയത്. വൈകിട്ട് മൂന്നരയോടെ കപ്പൽ തടഞ്ഞു ചരക്കുകപ്പൽ മോചിപ്പിക്കാനുള്ള ഓപ്പറേഷന് തുടക്കമിട്ടിരുന്നു.
ഇന്ത്യൻ നാവിക സേനയുടെ എലൈറ്റ് കമാൻഡോകളായ മാർകോസ് ആണ് ഓപ്പറേഷൻ നടത്തിയത്. കപ്പലിന്റെ മുകളിലെ ഡെക്കിൽ പരിശോധന പൂർത്തിയാക്കിയ മറീൻ കമാൻഡോകൾ രണ്ടാമത്തെ ഡെക്കിലേക്ക് പ്രവേശിച്ചതായി നാവികസേന അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കപ്പൽ മോചിപ്പിച്ചതായി അറിയിപ്പ് വന്നത്.
യുദ്ധക്കപ്പലിൽ നിന്നും പറന്നുയർന്ന ഹെലികോപ്‌ടറിലൂടെ തട്ടിയെടുത്ത കപ്പൽ ഉപേക്ഷിച്ചു പോകാൻ കടൽകൊള്ളക്കാർക്ക് ഇന്ത്യൻ നാവികസേന മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യൻ കമാൻഡോകൾ നിലപാട് കടുപ്പിച്ചതോടെ കൊള്ളക്കാർ കപ്പൽ ഉപേക്ഷിച്ചു പോവുകയായിരുന്നു എന്നാണ് റിപ്പോർട്. സൊമാലിയൻ തീരത്ത് നിന്ന് 15 ഇന്ത്യക്കാർ അടക്കമുള്ള ലൈബീരിയൻ കപ്പലാണ് ഇന്നലെ കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്.
Most Read| മഥുര ഈദ്ഗാഹ് പള്ളി കൃഷ്‌ണ ജൻമഭൂമിയായി പ്രഖ്യാപിക്കണം; ഹരജി തള്ളി സുപ്രീം കോടതി