ന്യൂഡെൽഹി: ഉത്തർപ്രദേശിലെ മഥുര ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്‌ണ ജൻമഭൂമിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി സുപ്രീം കോടതി തള്ളി. പള്ളിയിൽ സർവേ വേണമെന്നും പള്ളി പൊളിക്കണമെന്നും ആവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹരജി നൽകിയിരുന്നത്. എന്നാൽ, ഹരജി തള്ളിയ കോടതി, ഇത്തരം ആവശ്യങ്ങളിൽ ഇടപെടാറില്ലെന്ന് വ്യക്‌തമാക്കി.
അതേസമയം, ഭാവിയിൽ ഇത്തരം ഹർജിയുമായി വരരുതെന്നും സുപ്രീം കോടതി താക്കീത് നൽകി. സുപ്രീം കോടതി അഭിഭാഷകനായ മഹേക് മഹേശ്വരിയാണ് ഹരജി നൽകിയിരുന്നത്. ഇതേ വിഷയത്തിൽ മറ്റൊരു ഹരജി പരിഗണനയിൽ ഉണ്ടെന്നും, അതിനാൽ പൊതുതാൽപര്യ ഹരജിയായി ഈ വിഷയം കോടതിക്ക് പരിഗണിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.
അതേസമയം, മഥുര ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. സർവേ നടത്താൻ മൂന്നംഗ അഭിഭാഷക കമ്മീഷണർമാരെ നിയമിക്കാനും കോടതി തീരുമാനിച്ചിരുന്നു. ഹിന്ദു സേനാ പ്രവർത്തകൻ വിഷ്‌ണു ഗുപ്‌ത നൽകിയ ഹരജിയിലായിരുന്നു കോടതി നടപടി.
Most Read| അന്ത്യശാസന തള്ളി; ചെങ്കടലിൽ വീണ്ടും കപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം