ന്യൂയോർക്ക്: ചെങ്കടലിൽ വീണ്ടും കപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം. കപ്പലുകൾക്ക് നേരെ ഡ്രോൺ അക്രമണത്തിനാണ് നീക്കം നടത്തിയത്. എന്നാൽ, ആർക്കും പരിക്കോ കേടുപാടുകളോ ഉണ്ടായിട്ടില്ലെന്ന് യുഎസ് നേവി അറിയിച്ചു. യുഎസ് സൈന്യത്തിന്റെ അന്ത്യശാസന തള്ളിയാണ് വീണ്ടും ആക്രമണം നടന്നിരിക്കുന്നത്.
ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് ബ്രിട്ടൻ, ജപ്പാൻ, ഇറാൻ എന്നിവയുൾപ്പെടെ 12 രാജ്യങ്ങൾക്ക് സംയുക്‌തമായി യുഎസ് അന്ത്യശാസന നൽകി ഒരു ദിവസം കഴിഞ്ഞപ്പോഴാണ് വീണ്ടും ആക്രമണം നടന്നത്. ഇറാന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഹൂതികളുടെ നിയന്ത്രണത്തിലാണ് യെമന്റെ ഭൂരിഭാഗവും. യെമൻ കേന്ദ്രീകരിച്ചാണ് ഹൂതികളുടെ ആക്രമണം.
നവംബർ 19 മുതൽ മിസൈലുകളും ഡ്രോണും ഉപയോഗിച്ച് ചരക്ക് കപ്പലുകളെ ഉൾപ്പടെ ആക്രമിക്കുകയാണ്. ഇസ്രയേൽ ഗാസയിൽ ആക്രമണം നടത്തുന്നതിൽ പ്രതിഷേധിച്ചാണ് ഹൂതികളുടെ ആക്രമണമെന്നാണ് റിപ്പോർട്. യെമനിലെ ഹൂതികൾ ചെങ്കടലിൽ ചരക്ക് കപ്പലിന് നേരെ നടത്തിയ ആക്രമണം ചെറുത്തെന്നും ഹൂതികളുടെ മൂന്ന് ബോട്ടുകൾ മുക്കിയെന്നും യുഎസ് സേന നേരത്തെ അറിയിച്ചിരുന്നു.
Most Read| ഖത്തറിൽ മോചനം കാത്ത് ഇന്ത്യക്കാർ; അപ്പീൽ നൽകാൻ 60 ദിവസം സാവകാശം