കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ കെ രാധാകൃഷ്‌ണൻ എംപി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ചോദ്യം ചെയ്യലിന് സാവകാശം തേടാനാണ് തീരുമാനം. അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കേണ്ടതിനാലാണ് ഹാജരാകാത്തത്.
വൈകിട്ട് അഞ്ചിന് ഡെൽഹിയിൽ ഇഡി ഓഫീസിൽ ചെയ്യലിന് ഹാജരാകാനായിരുന്നു നിർദ്ദേശം. കഴിഞ്ഞദിവസം ഇ-മെയിൽ മുഖേനയാണ് ഇഡി അദ്ദേഹത്തിന് രണ്ടാമത്തെ സമൻസ് അയച്ചത്. ലോക്‌സഭാ സമ്മേനത്തിലായതിനാൽ ആദ്യ സമൻസ് വൈകിയാണ് ലഭിച്ചത്. ഇതിന് നൽകിയ മറുപടിയിൽ സമ്മേളനം കഴിഞ്ഞ ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് എംപി അറിയിച്ചു.
എന്നാൽ, ഈ മാസം കേസിൽ അന്തിമ കുറ്റപത്രം നൽകേണ്ടതിനാൽ ഇളവ് നൽകാനാകില്ലെന്ന നിലപാടാണ് ഇഡി സ്വീകരിച്ചത്. കരുവന്നൂർ കള്ളപ്പണ ഇടപാടിലൂടെ ലഭിച്ച പണം പാർട്ടി അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. ഈ തട്ടിപ്പ് നടന്ന കാലയളവിൽ രാധാകൃഷ്‌ണനായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി.
കൃത്യമായ രേഖകളില്ലാതെ പണം തട്ടിയെടുത്തെന്നാണ് കേസ്. ഇതുവരെ കേസിൽ 128.72 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. പോലീസ് രജിസ്‌റ്റർ ചെയ്‌ത 16 കേസുകൾ ഒരുമിച്ചെടുത്താണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇഡി നടപടിയെടുത്തത്.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി