കാസർഗോഡ്: കാഞ്ഞങ്ങാട് കൂട്ട ആത്‍മഹത്യ. ഒരു കുടുംബത്തിലെ മൂന്നുപേരാണ് ആസിഡ് കുടിച്ച് ആത്‍മഹത്യ ചെയ്‌തത്. കർഷകനായ അമ്പലത്തറ പറക്കളായി രണ്ടാം പുളിക്കാലിലെ ഗോപി (60), ഭാര്യ ഇന്ദിര (58), മകൻ രാജേഷ് (32) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ രാകേഷ് (32) ഗുരുതര നിലയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കൂട്ട ആത്‍മഹത്യ നടന്ന വിവരം നാട് അറിഞ്ഞത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മൂന്നുപേരും മരിച്ചത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്‍മഹത്യയ്‌ക്ക് കാരണമെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസങ്ങളിൽ ഇവർ ബന്ധു വീടുകളിൽ പോകുകയും ക്ഷേത്ര ദർശനം നടത്തുകയും ചെയ്‌തതായും അയൽവാസികൾ പറഞ്ഞു.
പുലർച്ചെ മൂന്നിന് ഗോപിയുടെ സഹോദരന്റെ ഭാര്യയ്‌ക്ക് വന്ന കോളിലാണ് വിവരമറിയുന്നത്. ഫോൺ വിളിച്ചത് രാജേഷാണെന്ന് കരുതുന്നു. തീരെ വയ്യ ആശുപത്രിയിൽ എത്തിക്കണം എന്ന് മാത്രമാണ് പറഞ്ഞത്. ഉടനെ ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തിയപ്പോൾ മൂന്നുപേരും മരിച്ചുകിടക്കുന്നതാണ് കണ്ടത്. രാജേഷിനെ ഉടൻ പരിയാരത്തെ ആശുപത്രിയിൽ എത്തിച്ചു.
സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് ഉറപ്പ് പറയാനാകില്ലെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായാലേ ഇക്കാര്യത്തിൽ വ്യക്‌തത വരികയുള്ളൂവെന്നും അമ്പലത്തറ ഇൻസ്‌പെക്‌ടർ കെപി ഷൈൻ പറഞ്ഞു. രാജേഷും രാകേഷും നേരത്തെ ദുബായിൽ ആയിരുന്നു. രണ്ടുവർഷം മുൻപ് ഇരുവരും നാട്ടിലേക്ക് തിരിച്ചെത്തി ബിസിനസ് തുടങ്ങി.
പലചരക്ക് സാധനങ്ങൾ ഉൾപ്പടെ വീടുകളിലെത്തിച്ച് നൽകുന്നതായിരുന്നു ബിസിനസ്. എന്നാൽ, വലിയ നേട്ടമുണ്ടായില്ലെന്നും വലിയ സാമ്പത്തിക ബാധ്യത ഇതുവഴി ഉണ്ടായെന്നുമാണ് വിവരം. ഈ ബിസിനസ് നിർത്തി ഇവർ കൂലിപ്പണിക്ക് പോയിത്തുടങ്ങിയിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം