കാസർഗോഡ്: യുവതി വിഷം കഴിച്ച് മരിച്ച സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെയും അയൽവീട്ടുകാർക്ക് എതിരെയും പോലീസിനെതിരെയും ആരോപണവുമായി കുടുംബം രംഗത്ത്. മുളിയാർ പൊവ്വൽ ബെഞ്ച് കോടതിക്ക് സമീപത്തെ ജസീല (24)യുടെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്.
മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചതിന് മനംനൊന്താണ് ജസീല ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ആത്‍മഹത്യ ചെയ്യുന്നതിന് മുൻപ് ഇതേകാര്യം വിശദീകരിച്ചുള്ള ഒരു വീഡിയോയും ജസീല ചിത്രീകരിച്ചിരുന്നു. ഈ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
അടുത്തിടെ ജസീലയുടെ ഭർതൃവീടിന് സമീപത്തെ വീട്ടിൽ വിവാഹം നടന്നിരുന്നു. വിവാഹാഘോഷത്തിനിടെ ഇവിടെ നിന്ന് ഒരു സ്വർണമാല മോഷണം പോയെന്ന പരാതി ഉയർന്നു. ഇതിന് പിന്നിൽ ജസീലയാണെന്നായിരുന്നു ആരോപണം. തുടർന്ന് ആദൂർ പോലീസ് ജസീലയെ ചോദ്യം ചെയ്‌തിരുന്നു. എന്നാൽ, സംഭവത്തിൽ ജസീലയ്‌ക്ക് പങ്കുള്ളതായി കണ്ടെത്താനായില്ല. മാത്രമല്ല, മാല മോഷണത്തിൽ ആദൂർ പോലീസ് കേസും രജിസ്‌റ്റർ ചെയ്‌തിരുന്നില്ലെന്നാണ് വിവരം.
വനിതാ പോലീസുകാർ ഇല്ലാതെയാണ് ജസീലയെ പോലീസ് ചോദ്യം ചെയ്‌തതെന്നും ആരോപണമുണ്ട്. പോലീസ് ചോദ്യം ചെയ്‌ത് വിട്ടയച്ചതിന് പിന്നാലെ ജസീല കടുത്ത മാനസിക പ്രയാസത്തിലായിരുന്നു. ഇതിനുപിന്നാലെയാണ് വിഷം കഴിച്ചത്. തുടർന്ന് ഗുരുതരാവസ്‌ഥയിളായ ജസീല ചികിൽസയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ജസീല മൊബൈൽ ഫോണിൽ ചിത്രീകരിച്ച വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്.
”ഞാൻ എന്തായാലും ചെയ്യാത്ത തെറ്റിന്റെ പേരിൽ കുറേ അനുഭവിക്കുന്നുണ്ട്. എന്റെ ഫ്രണ്ടിന്റെ ഉമ്മാന്റെ ഗോൾഡ് മിസായിട്ടുണ്ട്. അത് ഞാൻ എടുത്തെന്നാണ് പറയുന്നത്. ഞാൻ എടുത്തിട്ടുപോലുമില്ല. എനിക്ക് അറിയത്തുപോലുമില്ല അങ്ങനെയൊരു സാധനമുള്ളത്. സത്യം ആരും വിശ്വസിക്കുന്നില്ല. ഞാൻ രേഖാമൂലം പരാതി കൊടുക്കാമെന്ന് വിചാരിച്ചപ്പോൾ ആദൂർ പോലീസ് സ്‌റ്റേഷനിലെ ആൾക്കാർ അതിന് സമ്മതിക്കുന്നില്ല.
എന്റെ ആത്‍മഹത്യക്ക് ഉത്തരവാദി ഇവരൊക്കെയാണ്. എന്റെ ഭർത്താവും ഇതിൽ പങ്കാളിയാണ്. ഭർത്താവിന്റെ ഉമ്മയും ഉണ്ട്. ഞാൻ അധികം ജീവിച്ചിരിക്കില്ല. എന്നെ എന്തിനാണ് ഇങ്ങനെ നാണംകെടുത്തിയത്. സത്യം ഒരു ദിവസം തെളിയുമെന്ന വിശ്വാസത്തോടെ ഞാൻ പോവുകയാണ്”- ജസീല വീഡിയോയിൽ പറഞ്ഞു.
ഭർതൃവീട്ടുകാർക്കെതിരെയും അയൽവീട്ടുകാർക്ക് എതിരെയും പോലീസിനെതിരെയും യുവതിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ മരണമൊഴിയും മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ വിദ്യാനഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം നടത്തിവരികയാണ്.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!



































