ന്യൂഡെൽഹി: സുരക്ഷാ തന്ത്രങ്ങളിൽ നിർണായക മാറ്റത്തിനൊരുങ്ങി സൈന്യം. ജമ്മു കശ്‌മീരിൽ ജനങ്ങൾക്കും സൈനികർക്കും എതിരെയുള്ള ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ബിഎസ്എഫിന്റെ 2000 ഭടൻമാരെ കശ്‌മീർ മേഖലയിൽ പുതുതായി വിന്യസിച്ചു. സാബാ മേഖലയിലാണ് ഇവരെ നിയോഗിച്ചത്.
കശ്‍മീരിൽ ഇന്ത്യ-പാക് അതിർത്തി മേഖലയിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വർധിച്ചതും തുടർച്ചയായ ഭീകരാക്രമണങ്ങൾ ഉണ്ടാകുന്നതിനും പിന്നാലെ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്‌ഥൻ നിതിൻ അഗർവാളിനെ അതിർത്തി രക്ഷാസേന (ബിഎസ്എഫ്) ഡയറക്‌ടർ ജനറൽ സ്‌ഥാനത്ത് നിന്ന് കേന്ദ്രം നീക്കി. ഇദ്ദേഹത്തെ കേരള കേഡറിലേക്ക് തിരിച്ചയച്ചു.
കഴിഞ്ഞ വർഷം ജൂണിലായിരുന്നു അദ്ദേഹം സ്‌ഥാനമേറ്റത്. ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷത വഹിച്ച യോഗത്തിന് ശേഷമാണ് മാറ്റം. സ്‌പെഷ്യൽ ഡിജി വൈ. ഖുറാനിയയെയും നീക്കി. അദ്ദേഹം ഒഡീഷ കേഡറിലേക്ക് മടങ്ങും. സേനയുടെ തലപ്പത്തുള്ള രണ്ടുപേരെ ഒരുമിച്ച് നീക്കുന്നത് അപൂർവമാണ്. നുഴഞ്ഞുകയറ്റം വർധിച്ച സാഹചര്യത്തിലാണ് ഇരുവരെയും നീക്കിയതെന്നാണ് സൂചന.
സേനയെ നിയന്ത്രിക്കുന്നതിലും മറ്റു സുരക്ഷാ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിലും വീഴ്‌ച വരുത്തിയതിനാണ് ഇരുവരെയും മാറ്റിയതെന്ന് ഉന്നത ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. കഴിഞ്ഞ രണ്ടുമാസത്തിനിടെ ആക്രമണങ്ങൾ വലിയ തോതിൽ വർധിച്ചു. കാലങ്ങളായി അക്രമം ഇല്ലാതിരുന്ന മേഖലകളിലും സമാധാന അന്തരീക്ഷം തകർന്നത് സൈന്യം വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!