ശ്രീനഗർ: ജമ്മു കശ്‌മീരിലെ കത്വ ജില്ലയിൽ ഇന്നലെ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നിലെ പ്രദേശവാസികളുടെ പങ്കിനെ കുറിച്ചും അന്വേഷണം ആരംഭിച്ചു. പാക് ഭീകരർക്ക് താമസവും ഭക്ഷണവും ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരു പ്രദേശവാസിയിൽ നിന്ന് ലഭിച്ചതായാണ് നിഗമനം.
ആക്രമണത്തിന് ശേഷം ഭീകരരെ രക്ഷപ്പെടുത്തിയതും ഒളിത്താവളത്തിൽ എത്താൻ സഹായിച്ചതും ഇയാളാണെന്നും സൈന്യത്തിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. അതിനിടെ, ഭീകരർ ഉപയോഗിച്ച തോക്കിനെ കുറിച്ചും ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അമേരിക്കൻ നിർമിത എം4 കാർബൈൻ എന്ന അത്യാധുനിക റൈഫിളുകളാണ് ഇവർ ഉപയോഗിച്ചതെന്നാണ് വിവരം.
അതിർത്തി കടന്നെത്തിയ മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയതെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇവരുടെ കൂട്ടത്തിൽ കൂടുതൽ പേരുണ്ടോയെന്നും സംശയമുണ്ട്. സൈന്യത്തിന്റെ കമാൻഡോ സംഘം വനമേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് സൈന്യത്തിന്റെ പട്രോളിങ് വാഹനവ്യൂഹത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ചു സൈനികരെ കൂടാതെ ഒരു പോലീസ് ഉദ്യോഗസ്‌ഥനും ജീവൻ നഷ്‌ടമായി.
ഏറ്റുമുട്ടലിൽ അഞ്ചു സൈനികർക്കും പരിക്കേറ്റിരുന്നു. ബില്ലവാറിലെ മച്ചേദി മേഖലയിലെ കുന്നിൻ മുകളിൽ നിന്നായിരുന്നു ആക്രമണം. സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ ഗ്രനേഡ് എറിഞ്ഞശേഷം ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ആദ്യം നാല് സൈനികർ വീരമൃത്യു വരിച്ചു. പരിക്കേറ്റ ഒരു സൈനികൻ രാത്രിയോടെ മരണപ്പെട്ടു. സൈന്യം തിരിച്ചടിച്ചതോടെ ഭീകരർ വനത്തിനുള്ളിൽ മറഞ്ഞു.
ആക്രമണം നടത്തിയ പാക് ഭീകരർക്കായി സൈന്യം മേഖലയിൽ തിരച്ചിൽ ഊർജിതമാക്കി. വനമേഖലയിലടക്കം നിരീക്ഷണം ശക്‌തമാക്കി. കത്വയിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്ന ബില്ലവാറിലെ മച്ചേദി മേഖല. ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ചു ഉദ്യോഗസ്‌ഥരിൽ ഒരാൾ ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ്. ഒരു മാസത്തിനിടെ മേഖലയിൽ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്.
Most Read| ചർച്ച ഫലം കണ്ടു; റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്‌ത ഇന്ത്യക്കാരെ വിട്ടയക്കും