തിരുവനന്തപുരം: കാട്ടാക്കടയിൽ സൈക്കിൾ യാത്രികനായ പത്താം ക്ളാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്‌ജന് ജീവപര്യന്തം തടവും പത്തുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
പിഴത്തുക ആദിശേഖറിന്റെ മാതാപിതാക്കൾക്ക് നൽകണം. പുളിങ്കോട് ക്ഷേത്രത്തിന് സമീപത്തുവെച്ച് പത്താം ക്ളാസ് വിദ്യാർഥിയായ പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ അധ്യാപകനായ എ അരുൺ കുമാറിന്റെയും സെക്രട്ടറിയേറ്റ് ഉദ്യോഗസ്‌ഥ ഐബി ഷീബയുടേയും മകൻ ആദിശേഖറിനെ (15) പ്രിയരഞ്‌ജൻ കാറിടിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്.
2023 ഓഗസ്‌റ്റ് 30നായിരുന്നു സംഭവം. സുഹൃത്തുക്കളുമൊത്ത് ക്ഷേത്ര പരിസരത്ത് കളിച്ചുകൊണ്ട് നിന്നിരുന്ന ആദിശേഖർ വീട്ടിലേക്ക് പോകാൻ സൈക്കിളിൽ കയറവേ പ്രധാന റോഡിൽ വശത്ത് നിർത്തിയിരുന്ന കാർ പെട്ടെന്ന് മുന്നോട്ട് എടുത്ത് കുട്ടിയെ ഇടിച്ചുതെറിപ്പിച്ച് പോവുകയായിരുന്നു. പൂവച്ചൽ പുളിങ്കൊടി ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലിൽ പ്രിയരഞ്‌ജൻ മൂത്രമൊഴിച്ചതിനെ ആദിശേഖർ ചോദ്യം ചെയ്‌തിരുന്നു. ഇതിലുള്ള വൈരാഗ്യത്തിലായിരുന്നു കൊടും ക്രൂരത.
അലക്ഷ്യമായി വാഹനമോടിച്ചതിനാണ് പ്രതിക്കെതിരെ ആദ്യം കേസെടുത്തത്. എന്നാൽ, കുട്ടിയുടെ ബന്ധുക്കൾ നൽകിയ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണ് ആസൂത്രിത കൊലപാതകമാണെന്ന് തിരിച്ചറിയാൻ കാരണമായത്. സംഭവത്തിന് ശേഷം കാർ ഉപേക്ഷിച്ച് കുടുംബവുമായി തമിഴ്‌നാട്ടിലേക്ക് കടന്ന പ്രിയരഞ്‌ജനെ കാട്ടാക്കട സ്‌റ്റേഷൻ ഹൗസ് ഓഫീസർ ഡി. ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് കന്യാകുമാരി കുഴിത്തുറയിൽ നിന്ന് അറസ്‌റ്റ് ചെയ്‌തത്.
Most Read| അതിർത്തിയിൽ പാക്ക് പ്രകോപനം തുടരുന്നു; തുടർച്ചയായി 12ആം ദിനവും വെടിവയ്‌പ്പ്