കട്ടപ്പന: കട്ടപ്പനയിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി. കട്ടപ്പന പള്ളിക്കവല വെറൈറ്റി ലേഡീസ് സെന്റർ ഉടമ സാബുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടപ്പന റൂറൽ ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിൽ ഇന്ന് രാവിലെ 7.30ഓടെയാണ് സാബുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
നിക്ഷേപ തുക ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കിൽ എത്തിയിരുന്നു. എന്നാൽ തുക തിരികെ ലഭിച്ചില്ല. ഇതേത്തുടർന്നാണ് ആത്‍മഹത്യ എന്നാണ് വിവരം. ബാങ്കിന് സമീപത്ത് താമസിക്കുന്നവരാണ് ബാങ്കിന്റെ പടികൾക്ക് സമീപം സാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
സാബുവിന്റെ ആത്‍മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സാബുവിന്റെ പാന്റ്‌സിന്റെ പോക്കറ്റിൽ നിന്നാണ് കണ്ടെടുത്തത്. മരണത്തിന് ഉത്തരവാദി ബാങ്കാണെന്നാണ് കുറിപ്പിൽ പറയുന്നത്. ജീവിതകാലം മുഴുവൻ സമ്പാദിച്ച തുകയാണ് ബാങ്കിൽ നിക്ഷേപിച്ചത്. ഭാര്യയുടെ ചികിൽസയ്‌ക്കായി പണം ചോദിച്ച് ചെന്നപ്പോൾ അപമാനിക്കുകയും പിടിച്ചു തള്ളുകയും ചെയ്‌തു. ഇനി ആർക്കും ഈ അവസ്‌ഥ വരരുത് എന്നാണ് സാബു ആത്‍മഹത്യാ കുറിപ്പിൽ പറയുന്നത്.
വ്യാപാരിയായ സാബു 25 ലക്ഷത്തോളം രൂപയാണ് ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. ഈ പണം തിരിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബാങ്ക് പ്രതിസന്ധിയിൽ ആയിരുന്നതിനാൽ മാസം തോറും നിശ്‌ചിത തുക നൽകാമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് തുക നൽകിയിരുന്നു. എന്നാൽ, ഇന്നലെ ഭാര്യയുടെ ചികിൽസാർഥം കൂടുതൽ തുക ആവശ്യപ്പെട്ട് ഇന്നലെ സാബു ബാങ്കിലെത്തിയിരുന്നു. തുടർന്ന് ജീവനക്കാരുമായി തർക്കമുണ്ടാവുകയും ചെയ്‌തിരുന്നു.
തൊടുപുഴ ആശുപത്രിയിൽ സാബുവിന്റെ ഭാര്യ ചികിൽസയിലാണ്. രാവിലെ വീട്ടിൽ കാണാത്തതിനെ തുടർന്ന് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, ബാങ്കിന് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തി. മുൻപ് കോൺഗ്രസ് ഭരിച്ചിരുന്ന ബാങ്ക് രണ്ടുവർഷം മുമ്പാണ് സിപിഎം ഭരണസമിതിക്ക് കീഴിൽ വരുന്നത്. പ്രതിസന്ധിയിൽ പ്രവർത്തിക്കുന്ന ബാങ്കാണിത്. കുറഞ്ഞ നിക്ഷേപകർ മാത്രമാണ് ഇവിടെയുള്ളത്.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും






































