കായംകുളം: ചെങ്കടലിൽ ഹൂതി വിമതർ ആക്രമിച്ച് തകർത്ത ചരക്ക് കപ്പലിൽ നിന്ന് രക്ഷപ്പെട്ട് യെമനിൽ തടവിലായിരുന്ന ആലപ്പുഴ കായംകുളം സ്വദേശി അനിൽകുമാറിനെ മോചിപ്പിച്ചു. മസ്‌കത്തിലെത്തിയ അനിൽകുമാർ ഉടൻ ഇന്ത്യയിലേക്ക് തിരിക്കും. മോചനത്തിന് വേണ്ടി ഇടപെട്ടതിന് ഇന്ത്യ ഒമാന് നന്ദി അറിയിച്ചു.
ചെങ്കടലിൽ ഹൂതി വിമതരുടെ ആക്രമണത്തിൽ തകർന്ന ചരക്ക് കപ്പലിലെ അംഗമായിരുന്നു അനിൽകുമാർ. ജൂലൈ ഏഴിനാണ് ഹൂതി വിമതരുടെ ഗ്രനേഡ് ആക്രണത്തിൽ കപ്പൽ മുങ്ങി സെക്യൂരിറ്റി ഓഫീസറായ അനിൽ കുമാർ അടക്കം 11 പേരെ കാണാതായത്. കപ്പലിലെ മറ്റു പത്തുപേരെയും മോചിപ്പിച്ചിരുന്നു. എന്നാൽ, അനിൽകുമാറിനെ കാണാതായി.
ജൂലൈ അവസാനം വീട്ടിലേക്ക് അനിൽകുമാറിന്റെ ഫോൺവിളി എത്തിയിരുന്നു. താൻ യെമനിൽ ഉണ്ടെന്നും ഉടൻ എത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അനിൽ ഭാര്യ ശ്രീജയോട് പറഞ്ഞിരുന്നു. അനിലിന്റെ ഫോൺ വന്ന വിവരം ശ്രീജ എംബസി അധികൃതരെ അറിയിക്കുകയും ചെയ്‌തിരുന്നു. യെമനിൽ നിന്ന് വിളിച്ച ഫോൺ നമ്പറും കൈമാറി.
യെമനിൽ ഇന്ത്യക്ക് എംബസിയില്ലാത്തതിനാൽ സൗദിയിലെ എംബസിക്കായിരുന്നു ചുമതല. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്‌ഥരും കാർത്തികപ്പള്ളി തഹസിൽദാറും വീട്ടിലെത്തി അനിലിന്റെ വിവരങ്ങൾ ശേഖരിച്ചിരുന്നു. 25 പേരാണ് ആക്രമിക്കപ്പെട്ട കപ്പലിൽ ഉണ്ടായിരുന്നത്. മൂന്നുപേർ ആക്രമണത്തിൽ മരിച്ചു.
ഒരാൾക്ക് മാരകമായി മുറിവേറ്റു. 21 പേർ കടലിൽ ചാടി. ഇതിൽ തിരുവനന്തപുരം പാറശാല സ്വദേശി അഗസ്‌റ്റിൻ ഉൾപ്പടെ പത്തുപേരെ രക്ഷാപ്രവർത്തകർ രക്ഷിച്ചു. അനിൽ കുമാർ അടക്കമുള്ളവർ ജാക്കറ്റ് ധരിച്ച് കടലിൽ ചാടിയെങ്കിലും തിരയിൽ ദിശമാറിയതിനെ തുടർന്നാണ് കണ്ടെത്താൻ ബുദ്ധിമുട്ട് നേരിട്ടതെന്നാണ് വിവരം.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!







































