തിരുവനന്തപുരം: സഹോദരി ഉഷാ മോഹൻദാസുമായുള്ള സ്വത്തുതർക്ക കേസിൽ മന്ത്രി കെബി ഗണേഷ് കുമാറിന് ആശ്വാസമായി ഫൊറൻസിക് റിപ്പോർട്. സ്വത്തുക്കളെല്ലാം കെബി ഗണേഷ് കുമാറിന്റെ പേരിലാക്കിയതിന്റെ വിൽപ്പത്രത്തിലെ ഒപ്പുകളെല്ലാം പിതാവ് ആർ ബാലകൃഷ്‌ണപിള്ളയുടേത് തന്നെയാണെന്ന് സ്‌ഥിരീകരിച്ചുള്ള ഫൊറൻസിക് റിപ്പോർട് പുറത്തുവന്നു.
ഇതോടെ, വിൽപ്പത്രത്തിൽ പിതാവിന്റെ ഒപ്പുകളെല്ലാം വ്യാജമാണെന്ന സഹോദരിയുടെ വാദം തെറ്റാണെന്ന് കണ്ടെത്തി. കൊട്ടാരക്കര മുൻസിഫ് കോടതി വിൽപ്പത്രത്തിൽ ഒപ്പുകൾ ഫൊറൻസിക് പരിശോധനക്കായി സ്‌റ്റേറ്റ് ഫൊറൻസിക് സയൻസ് ലബോറട്ടറിക്ക് നൽകിയിരുന്നു. ഇന്നലെ ഫൊറൻസിക് പരിശോധനക്ക് ശേഷം വിശദമായ റിപ്പോർട് കോടതിയിൽ സമർപ്പിച്ചു.
ആർ ബാലകൃഷ്‌ണപിള്ള അസുഖബാധിതനായി അവശനിലയിൽ കഴിഞ്ഞപ്പോൾ വാളകത്ത് വീട്ടിൽ പൂർണസമയവും പരിചരിച്ചത് ഗണേഷ് കുമാറായിരുന്നു. എന്നാൽ, അസുഖബാധിതനാകുമ്പോൾ ആദ്യ ഘട്ടത്തിൽ തന്നെ പിള്ള വിൽപ്പത്രം തയ്യാറാക്കിയിരുന്നു. ഇത് ആർ ബാലകൃഷ്‌ണപിള്ളയുടെ കാര്യസ്‌ഥന് മാത്രം അറിയാവുന്ന കാര്യമായിരുന്നു.
ബാലകൃഷ്‌ണപിള്ളയുടെ മരണശേഷം വിൽപ്പത്രം പുറത്തെടുത്തപ്പോൾ സ്വത്തുക്കൾ കൂടുതൽ ഗണേഷിന് നൽകിയെന്ന് കണ്ടതോടെയാണ് തർക്കം ഉടലെടുത്തത്. വിൽപ്പത്രം പിതാവിന് ബോധമില്ലാത്ത സമയത്തുണ്ടാക്കിയതാണ് എന്നായിരുന്നു സഹോദരി ഉഷയുടെ ആരോപണം. പിന്നാലെ ഉഷ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, വ്യാജ ആരോപണം തെളിയിക്കണമെന്ന നിലപാടിലായിരുന്നു ഗണേഷ് കുമാർ.
ആർ ബാലകൃഷ്‌ണപിള്ള നേരത്തെ ബാങ്കിടപാടുകളിൽ നടത്തിയ ഒപ്പുകൾ, കേരള മുന്നോക്ക ക്ഷേമ കോർപറേഷനിൽ ചെയർമാൻ ആയിരിക്കുമ്പോഴുള്ള രേഖകളിലെ ഒപ്പുകൾ, തിരഞ്ഞെടുപ്പുകൾക്ക് നോമിനേഷൻ നൽകിപ്പോഴുള്ള ഒപ്പുകൾ എന്നിവ ഫൊറൻസിക് സംഘം പരിശോധിച്ചു. ഇതിന് ശേഷമാണ് വിൽപ്പത്രത്തിലെ ഒപ്പും എല്ലാം ഒന്നാണെന്ന് കണ്ടെത്തി കോടതിയിൽ റിപ്പോർട് നൽകിയത്.
സ്വത്തുതർക്കത്തിന്റെ പേരിലാണ് ആദ്യ രണ്ടരവർഷം മന്ത്രി സ്‌ഥാനത്ത് നിന്ന് ഗണേഷ് കുമാറിനെ മാറ്റി നിർത്തിയത്. മുഖ്യമന്ത്രിക്ക് സഹോദരി പരാതി നൽകിയതിനെ തുടർന്നാണ് മന്ത്രി സ്‌ഥാനം നൽകാൻ മുഖ്യമന്ത്രിയും ആദ്യം മടിച്ചത്. പിന്നീട് ഘടകകക്ഷികളുടെ ധാരണ പാലിക്കാൻ ഇടതുമുന്നണി തയ്യാറായപ്പോഴാണ് രണ്ടര വർഷം കഴിഞ്ഞ് ഗണേഷ് കുമാറിന് മന്ത്രി സ്‌ഥാനം ലഭിച്ചത്.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും







































