തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ട് വന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡെല്‍ഹിയില്‍ പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ഷകരുടെ ആശങ്ക അകറ്റണമെന്ന ആവശ്യവുമായി കെസിബിസി(കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍) പ്രധാനമന്ത്രിക്ക് കത്തയച്ചു. രാജ്യത്ത് കര്‍ഷകരുടെ താല്പര്യങ്ങള് സംരക്ഷിക്കപ്പെടണമെന്നും, അവരുടെ അവകാശങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ രാജ്യത്തെ കര്‍ഷകരുടെ അവകാശങ്ങള്‍ നിഷേധിക്കരുതെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്. കൂടാതെ കരാര്‍ കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കാര്‍ഷിക നിയമത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നും, അതിനാല്‍ തന്നെ അത് മൂലം കര്‍ഷകരെ പ്രതികൂലമായി ബാധിക്കാന്‍ അവസരം ഉണ്ടാക്കുമെന്നും കെസിബിസി ചൂണ്ടിക്കാണിക്കുന്നു.
കാർഷിക നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ട് വരുന്ന സാഹചര്യത്തില്‍ കര്‍ഷകരുടെ അവകാശ സംരക്ഷണത്തിനായി കാര്‍ഷിക തര്‍ക്ക പരിഹാര കോടതികള്‍ സ്ഥാപിക്കണമെന്നും കെസിബിസി ആവശ്യമുന്നയിക്കുന്നുണ്ട്. കൂടാതെ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ അത് പൊതുവില്‍ അംഗീകരിക്കുന്നത് ആയിരിക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
Read also : അടിച്ചമർത്താൻ നോക്കണ്ട; കേന്ദ്ര സർക്കാർ തിരുത്തലിന് തയാറാകണമെന്ന് മുഖ്യമന്ത്രി


































