ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിത ബിആർഎസ് പാർട്ടി വിട്ടു. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്‌തതിന്റെ പിറ്റേ ദിവസമാണ് കവിതയുടെ പ്രഖ്യാപനം. എംഎൽസി പദവിയും കവിത രാജിവച്ചു.
ബന്ധുക്കളും ബിആർഎസ് നേതാക്കളുമായ ഹരീഷ് റാവുവും സന്തോഷ് റാവുവും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരായ പാർട്ടി നടപടിയെന്നാണ് കവിതയുടെ ആരോപണം. ഇരുവരും പാർട്ടിയുടെ അഭ്യുദയകാംക്ഷികൾ അല്ല. തന്റെ ഗതി നാളെ കെസിആറിനും കെടിആറിനും വരാമെന്നും മുന്നറിയിപ്പ് നൽകിയാണ് കവിത പാർട്ടി വിട്ടത്.
മേയ് മാസത്തിൽ കെസിആറിന് എഴുതിയ കത്തിൽ പാർട്ടിക്കുള്ളിൽ ആഭ്യന്തര പ്രശ്‌നങ്ങൾ ഉണ്ടെന്ന് കവിത സൂചിപ്പിച്ചിരുന്നു. കവിതയുടെ യുഎസ് സന്ദർശനത്തിനിടെ ചോർന്ന കത്താണ് ബിആർഎസിനുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാക്കിയത്. വ്യക്‌തിപരമായി കത്ത് എങ്ങനെ പുറത്തുവന്നു എന്നറിയില്ലെന്ന് പറഞ്ഞ കവിത, അതിൽ വേദനയുണ്ടെന്നും പറഞ്ഞിരുന്നു.
കാലേശ്വരം ജലസേചന പദ്ധതി അഴിമതിയിൽ മുതിർന്ന നേതാക്കൾക്ക് പങ്കുണ്ടെന്ന് കവിത ആരോപിച്ചിരുന്നു. പ്രധാന സ്‌ഥാനം തന്നില്ലെങ്കിൽ പാർട്ടി വിടുമെന്ന് കവിത മുന്നറിയിപ്പ് നൽകിയിരുന്നതായും അഭ്യൂഹം പരന്നിരുന്നു. ബിആർഎസ് വർക്കിങ് പ്രസിഡണ്ട് സ്‌ഥാനമാണ് കവിത ആവശ്യപ്പെട്ടത്.
കുറച്ചുകാലമായി പാർട്ടിക്കെതിരെയും പാർട്ടിയിലെ ഉന്നതർക്കെതിരെയും നിരന്തരം വിമർശനങ്ങൾ ഉയർത്തിയതിനെ തുടർന്ന് കവിത നേതൃത്വത്തിന്റെ അപ്രീതിക്ക് പാത്രമായിരുന്നു. ഇതിനെത്തുടർന്ന് കവിതയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ