കൊച്ചി: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് മരിച്ച 5 മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് യെലോ ഫീവർ വാക്‌സിൻ നിബന്ധനയിൽ ഇളവ് അനുവദിച്ചതോടെയാണ് മൃതദേഹങ്ങൾ എത്തിക്കുന്നതിൽ തടസം നീങ്ങിയത്.
മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകൾ റൂഹി മെഹ്റിൻ (ഒന്നര വയസ്), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗ്‌സ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് കൊണ്ടുവന്നത്. മൃതദേഹങ്ങൾ സംസ്‌ഥാന സർക്കാരിനായി മന്ത്രി പി രാജീവ് ഏറ്റുവാങ്ങി. ആദരാഞ്‌ജലികൾ അർപ്പിച്ച ശേഷം ബന്ധുക്കൾക്ക് കൈമാറി.
ജസ്‌നയുടെയും മകളുടെയും മൃതദേഹം പേഴയ്‌ക്കാപ്പിള്ളി സെൻട്രൽ ജുമാ മസ്‌ജിദിൽ കബറടക്കും. ഗീത ഷോജി ഐസക്കിന്റെ മൃതദേഹം 17ന് രാവിലെ പത്തിന് കൊച്ചി പാലാരിവട്ടം ഷാരോൺ മാർത്തോമ്മാ പള്ളിയിൽ സംസ്‌കരിക്കും. മാവേലിക്കര സ്വദേശിയായ ഗീത പാലാരിവട്ടം ഷാരോൺ മാർത്തോമ്മാ ഇടവകാംഗമാണ്.
മൃതദേഹങ്ങൾക്കും ഒപ്പമുള്ള ബന്ധുക്കൾക്കും ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് യെലോ വാക്‌സിൻ സർട്ടിഫിക്കറ്റ് വേണമെന്ന ആരോഗ്യപരമായ മുൻകരുതൽ നിബന്ധനയിലാണ് മുഖ്യമന്ത്രിയുടെ ഇടപെടലിൽ കേന്ദ്ര സർക്കാർ പ്രത്യേക ഇളവ് അനുവദിച്ചത്. സർട്ടിഫിക്കറ്റ് അനിവാര്യമാണെന്നും ട്രാവൽ ഏജൻസി അധികൃതർ വ്യക്‌തമാക്കിയപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ടത്.
കഴിഞ്ഞ തിങ്കളാഴ്‌ച പ്രാദേശിക സമയം വൈകീട്ട് നാലുമണിയോടെയാണ് അപകടം നടന്നത്. സംഘം സഞ്ചരിച്ച വാഹനം വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലെ ഗിചാക്കയിൽ വെച്ച് നിയന്ത്രണം നഷ്‌ടമായി താഴ്‌ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. ഏകദേശം 100 മീറ്റർ താഴ്‌ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| മഴ കനക്കും; ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്, വടക്കൻ കേരളത്തിൽ പ്രത്യേക ജാഗ്രത