തിരുവനന്തപുരം: എട്ടാം ക്ളാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. മിനിമം മാർക്ക് ഏർപ്പെടുത്തിയതിന് ശേഷമുള്ള ആദ്യ ഫലപ്രഖ്യാപനമാണിത്. ഓരോ വിഷയത്തിലും 30 ശതമാനമാണ് മിനിമം മാർക്ക് വേണ്ടത്. പൂർണ രൂപത്തിലുള്ള ഫലപ്രഖ്യാപനം നാളെ ഉണ്ടാകും.
എഴുത്ത് പരീക്ഷയിൽ യോഗ്യതാ മാർക്ക് നേടാത്ത വിദ്യാർഥികളുടെ വിവരങ്ങൾ രക്ഷകർത്താക്കളെ അറിയിക്കാനും പ്രസ്‌തുത വിദ്യാർഥികൾക്ക് ഈ മാസം എട്ടുമുതൽ 24 വരെ പ്രത്യേകം ക്ളാസുകൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്. നിശ്‌ചിത മാർക്ക് നേടാത്ത വിഷയങ്ങളുടെ ക്ളാസിൽ മാത്രം വിദ്യാർഥികൾ പങ്കെടുത്താൽ മതിയാകും. രാവിലെ 9.30 മുതൽ 12.30 വരെയായിരിക്കും പ്രത്യേക ക്ളാസ്.
25 മുതൽ 28 വരെ അതത് വിഷയങ്ങളിൽ ഈ വിദ്യാർഥികൾക്ക് പുനഃപരീക്ഷ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ 30ന് പുനഃപരീക്ഷാ ഫലം പ്രഖ്യാപിക്കും. ഈ പരീക്ഷയിലും മിനിമം മാർക്ക് നേടാൻ കഴിയാത്ത കുട്ടികളുണ്ടെങ്കിൽ അവരെയും ഒമ്പതാം ക്ളാസിലേക്ക് കയറ്റം നൽകാൻ തന്നെയാണ് നിർദ്ദേശം. പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിന് സംസ്‌ഥാന തലത്തിൽ നിർവഹണ ഉദ്യോഗസ്‌ഥരുടെ യോഗം ഏഴിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്തിട്ടുണ്ട്.
ഒമ്പതാം ക്ളാസിൽ മുൻ വർഷത്തെ പോലെ സേ പരീക്ഷ നടത്തും. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടാം ക്ളാസ് വരെയാണ് ഓൾ പ്രമോഷൻ നൽകുന്നത്. സംസ്‌ഥാനത്ത് 1229 സർക്കാർ, 1434 എയ്‌ഡഡ്, 473 അൺ എയ്‌ഡഡ് സ്‌കൂളുകൾ ഉൾപ്പടെ 3136 സ്‌കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ എട്ടാം ക്ളാസിലെ വാർഷിക പരീക്ഷ നടത്തിയിരുന്നു.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!