തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ പത്തുവയസുള്ള കുട്ടിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. കുട്ടി തോട്ടിൽ കുളിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്.
ഇതോടെ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം പത്തായി. അതേസമയം, ഒരു മാസത്തിനിടെ കേരളത്തിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജിയാണ് (51) കഴിഞ്ഞദിവസം മരിച്ചത്. രണ്ടാഴ്‌ചയായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ഒരുമാസത്തിനിടെ കേരളത്തിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിക്കുന്ന ആറാമത്തെയാളാണ് ഷാജി.
മലപ്പുറം വണ്ടൂർ സ്വദേശി ശോഭന കഴിഞ്ഞ തിങ്കളാഴ്‌ചയാണ് മരിച്ചത്. വയനാട് ബത്തേരി സ്വദേശിയായ രതീഷ്, കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്നുമാസം പ്രായമായ കുഞ്ഞ്, മലപ്പുറം കണ്ണമംഗലം ചേറൂർ കാപ്പിൽ കണ്ണേത്ത് റംല, താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസുകാരി അനയ എന്നിവരാണ് അടുത്തിടെയായി മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവർ.
രോഗം ബാധിച്ച് കഴിഞ്ഞ ഒരുമാസത്തിനിടെ 6 പേർ മരിച്ചെങ്കിലും പ്രതിരോധത്തിനും പഠനത്തിനും ഫലപ്രദമായ ഏകോപനമില്ലെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ വിലയിരുത്തൽ. മലിനജലത്തിൽ കുളിക്കുന്നവർക്കാണ് രോഗം വരുന്നതെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാൽ, വീട്ടിലെ കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗം ബാധിക്കുന്നതിനാൽ വിശദമായ പഠനം വേണമെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ നിർദ്ദേശം.
Most Read| രാജ്യത്തിന്റെ 15ആംമത് ഉപരാഷ്‌ട്രപതി; സിപി രാധാകൃഷ്‌ണൻ സത്യപ്രതിജ്‌ഞ ചെയ്‌തു