തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം നടന്നേക്കുമെന്ന് സൂചന. ഒറ്റഘട്ടമായാവും തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് വിവരം. കേരളം അടക്കം തിരഞ്ഞെടുപ്പ് നടക്കേണ്ട അഞ്ച് സംസ്‌ഥാനങ്ങളിലെയും ഒരുക്കം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി.
കേരളത്തിന് പുറമെ അസം, പശ്‌ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്തമാസം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സംഘം കേരളം സന്ദർശിക്കും. ഫെബ്രുവരി ആദ്യവാരമാകും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തുക.
2021ൽ ഏപ്രിൽ ആറിനായിരുന്നു കേരളത്തിൽ തിരഞ്ഞെടുപ്പ്. മേയ് രണ്ടിനായിരുന്നു വോട്ടെണ്ണൽ. ഇടതുമുന്നണിക്ക് രണ്ടാമൂഴം നൽകുന്നതായിരുന്നു ജനവിധി.
നിയമസഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി കേരളത്തിൽ എൽഡിഎഫും യുഡിഎഫും എൻഡിഎയും തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. മൂന്നാമൂഴം എങ്ങനെയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണക്കൊള്ളയും പ്രതിഫലിച്ചു എന്ന വിലയിരുത്തലിനിടെ ജനങ്ങളെ നേരിൽ കണ്ട് കാര്യങ്ങൾ മനസിലാക്കുകയും വിശദീകരിക്കുകയും ചെയ്യുമെന്ന നിലപാടിലാണ് സിപിഎം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കർശനമാക്കിയ രണ്ട് ടേം പരിധിയിൽ വിജയസാധ്യത പരിഗണിച്ച് ഇത്തവണ ഇളവ് നൽകാനും സിപിഎം ആലോചിക്കുന്നുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ മുന്നേറ്റത്തിന്റെ ആത്‌മവിശ്വാസത്തിലാണ് യുഡിഎഫ്. തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി കെപിസിസി നേതൃയോഗം ചേർന്നിരുന്നു. ഫെബ്രുവരി ആദ്യവാരം തന്നെ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണ ഗോദയിലേക്ക് ഇറങ്ങാനുള്ള നീക്കത്തിലാണ് കോൺഗ്രസ് നേതൃത്വം.
സ്വർണക്കൊള്ള അടക്കം സർക്കാരിനെതിരായ വിഷയങ്ങൾ ചർച്ചയിൽ നിർത്താനുള്ള തന്ത്രങ്ങളാണ് യുഡിഎഫ് നീക്കം നടത്തുന്നത്. മുസ്‌ലിം ലീഗും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ലെങ്കിലും, വിജയസാധ്യതയുള്ള മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്‌തമാക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി.
തിരുവനന്തപുരം കോർപറേഷനിൽ ഉണ്ടാക്കിയ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാക്കാനാണ് ബിജെപി നീക്കം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നേടിയ വിജയം ആവർത്തിക്കാനുള്ള നീക്കങ്ങളും ബിജെപി നേതൃത്വം നടത്തുന്നുണ്ട്.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം






































