കണ്ണാടി: പാലക്കാട് മണ്ഡലത്തിൽ ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം വിതരണം ചെയ്‌തെന്ന ആരോപണവുമായി കോൺഗ്രസ്. പണം വിതരണം ചെയ്യുന്നതിന്റേതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടു.
കണ്ണാടി തരുവക്കുറിശ്ശി ഭാഗത്താണ് ബിജെപി പ്രവർത്തകർ എത്തിയത്. ഈ പ്രദേശത്ത് എൻഡിഎ സ്‌ഥാനാർഥി ശോഭാ സുരേന്ദ്രനൊപ്പം എത്തിയ പ്രവർത്തകരാണ് പണം വിതരണം ചെയ്‌തത്. പുറത്തുവന്ന ദൃശ്യങ്ങളിൽ, ശോഭാ സുരേന്ദ്രനും ഉൾപ്പെട്ടിട്ടുണ്ട്.
മരണവീട്ടിൽ പോകാനാണ് ബിജെപി സ്‌ഥാനാർഥിയും സംഘവും കണ്ണാടി തരുവക്കുറിശ്ശി ഭാഗത്ത് എത്തിയത്. മരണവീടിന്റെ തൊട്ടടുത്തുള്ള വീട്ടിലെത്തി വയോധികയുടെ കയ്യിൽ 5000 രൂപ നൽകിയെന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു.
പിന്നാലെ വയോധികയുടെ വീട്ടിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധന ആരംഭിച്ചു. വയോധികയെ മാറ്റിനിർത്തി കയ്യിൽ പണം വച്ചുകൊടുക്കുന്നതും പിന്നാലെ തിരിച്ചു പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പിന്നാലെ, ശോഭാ സുരേന്ദ്രനും ദൃശ്യങ്ങൾ പകർത്തിയ യുഡിഎഫ് പ്രവർത്തകരുമായി തർക്കം ഉണ്ടാകുന്നതും വീഡിയോയിലുണ്ട്.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനാണ് കോൺഗ്രസിന്റെ തീരുമാനം.
Most Read| ‘ഇറാനിലുള്ള ഇന്ത്യൻ പൗരർ ഉടൻ രാജ്യം വിടണം’; നിർദ്ദേശിച്ച് എംബസി







































