തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ ബഹളം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി വക്‌താവ് പ്രിന്റു മഹാദേവൻ ചാനൽ ചർച്ചയ്‌ക്കിടെ വധഭീഷണി മുഴക്കിയ സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന കോൺഗ്രസ് ആവശ്യം സ്‌പീക്കർ തള്ളിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലേക്കിറങ്ങിയത്.
പ്രാധാന്യമില്ലാത്ത വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌പീക്കർ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചത്. സണ്ണി ജോസഫിന് വിഷയം സബ്‌മിഷനായി ഉന്നയിക്കാമെന്നും സ്‌പീക്കർ പറഞ്ഞു. സ്‌പീക്കറുടെ പരാമർശത്തിനെതിരെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങൾ പിന്നീട് സഭ ബഹിഷ്‌കരിച്ചു. ഇതോടെ, സഭ ഇന്നത്തേക്ക് പിരിഞ്ഞു.
രാഹുൽ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ട ഉതിർക്കുമെന്ന് ബിജെപി നേതാവ് ചാനൽ ചർച്ചയിൽ പറഞ്ഞ കേസ് നിസ്സാരമാണെന്ന് സ്‌പീക്കർ പറഞ്ഞതിൽ ശക്‌തമായ പ്രതിഷേധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പരാമർശത്തിന് സർക്കാർ മറുപടി പറയണം. ബിജെപി നേതാവിനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും സതീശൻ ആരോപിച്ചു.
എന്നാൽ, ചാനൽ ചർച്ചയിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതൊക്കെ സഭയിൽ പറയാൻ പറ്റുമോ എന്ന് സ്‌പീക്കർ ചോദിച്ചു. ഇതോടെ, പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചതോടെ സഭ ബഹളത്തിൽ മുങ്ങി. ബഹളത്തിനിടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി സഭ പിരിയുന്നതായി സ്‌പീക്കർ അറിയിച്ചു.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി