തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ 12ആം സമ്മേളനം പൂർണതോതിൽ ഇന്ന് ആരംഭിച്ചിരിക്കെ, പരസ്‌പരം കൊമ്പുകോർത്ത് ഭരണ-പ്രതിപക്ഷ അംഗങ്ങൾ. പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് ഇന്ന് സമ്മേളനത്തിന് തുടക്കമായത്. സഭയ്‌ക്കുള്ളിൽ പ്രതിപക്ഷത്തിന് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശത്തെ സർക്കാർ ചോദ്യം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചൂണ്ടിക്കാട്ടി.
ഈ രീതിയാണ് സ്വീകരിക്കുന്നതെങ്കിൽ ചോദ്യങ്ങൾ ചോദിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്‌തമാക്കി. സ്‌പീക്കറുടെ വിശദീകരണത്തിൽ തൃപ്‌തരാകാതെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു. അതേസമയം, പ്രതിപക്ഷത്തോട് ഒരുതരത്തിലുമുള്ള വിവേചനവും കാണിച്ചിട്ടില്ലെന്ന് സ്‌പീക്കർ എഎൻ ഷംസീർ വ്യക്‌തമാക്കി.
മനഃപൂർവമായ വീഴ്‌ച സംഭവിച്ചിട്ടില്ല. തദ്ദേശീയ പ്രാധാന്യമുള്ള ചോദ്യങ്ങളായിരുന്നു പ്രതിപക്ഷത്തിന്റേത്. ചോദ്യങ്ങൾ സഭയിൽ ഉന്നയിക്കുന്നതിന് മുൻപ് സാമൂഹിക മാദ്ധ്യമത്തിൽ പ്രസിദ്ധീകരിക്കുന്നത് ശരിയായ നടപടിയല്ലെന്നും സ്‌പീക്കർ പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ട വിഷയം പ്രാധാന്യമുള്ള ചോദ്യമല്ലെന്നാണോ സ്‌പീക്കർ പറയുന്നതെന്ന് വിഡി സതീശൻ ചോദിച്ചു. പിന്നാലെ, പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും