തിരുവനന്തപുരം: കേരളാ ബാങ്കിനെ ‘സി’ ക്ളാസ് പട്ടികയിലേക്ക് തരംതാഴ്‌ത്തി റിസർവ് ബാങ്ക്. നബാർഡിന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് റിസർവ് ബാങ്കിന്റെ നടപടി. വായ്‌പാ വിതരണത്തിൽ അടക്കം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 25 ലക്ഷം രൂപയ്‌ക്ക് മുകളിൽ വ്യക്‌തിഗത വായ്‌പ നൽകാൻ പാടില്ലെന്നാണ് നിർദ്ദേശം. നൽകിയ വായ്‌പകൾ ഘട്ടംഘട്ടമായി തിരിച്ച് പിടിക്കാനും നിർദ്ദേശമുണ്ട്.
വായ്‌പാ നിയന്ത്രണവുമായി ബന്ധപ്പെട്ട് വിവിധ ശാഖകൾക്ക് ബാങ്ക് കത്തയച്ചിട്ടുണ്ട്. ഇടപാടിൽ 80 ശതമാനവും വ്യക്‌തിഗത വായ്‌പകളാണെന്നിരിക്കെ റിസർവ് ബാങ്ക് തീരുമാനം കേരളാ ബാങ്കിന് വലിയ തിരിച്ചടിയാകും. കേരളാ ബാങ്കിന്റെ റാങ്കിങ് മാനദണ്ഡങ്ങൾ വിലയിരുത്താൻ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ കൺട്രോളിങ് അതോറിറ്റി നബാർഡാണ്.
ഏഴ് ശതമാനത്തിൽ കുറവായിരിക്കേണ്ട നിഷ്‌ക്രിയ ആസ്‌തി 11 ശതമാനത്തിൽ കൂടുതലായതാണ് കേരളാ ബാങ്കിന് തിരിച്ചടിയായത്. വിവിധ സർക്കാർ ഏജൻസികൾക്ക് അനുവദിച്ച വായ്‌പ വഴി കിട്ടാക്കടവും കൂടിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണത്തിന് ബാങ്ക് തയ്യാറായിട്ടില്ല.
ബാങ്കിന്റെ വ്യക്‌തിഗത വായ്‌പാ പരിധി 40 ലക്ഷത്തിൽ നിന്ന് 25 ലക്ഷമായി കുറയ്‌ക്കുന്നത് സംബന്ധിച്ച് എല്ലാ റീജണൽ മാനേജർമാർക്കും സിപിസി മേധാവികൾക്കും അയച്ച കത്തിലാണ് നബാർഡ് ഇൻസ്‌പെക്ഷൻ പ്രകാരം ബാങ്കിന്റെ ക്ളാസിഫിക്കേഷൻ നിലവിലെ ‘ബി’ കാറ്റഗറിയിൽ നിന്ന് ‘സി’ കാറ്റഗറിയിലേക്ക് മാറ്റിയ വിവരം അറിയിച്ചിരിക്കുന്നത്.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ